ഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാനും നിയന്ത്രണരേഖ മറികടക്കാതെ സൂക്ഷിക്കാനും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ധാരണ. ഇന്നു നയതന്ത്ര തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായത്.

അതേസമയം ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പലതവണ ചുറ്റിപ്പറന്നതായും കരസേന അതിര്‍ത്തി മേഖലയില്‍ വന്‍ സൈനികവിന്യാസം നടത്തിയതായും വാര്‍ത്ത ഏജന്‍സിയായ എഎഫ്പി. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ ഇന്ത്യയുടേയും ചൈനയുടേയും സേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ നിയന്ത്രണരേഖയില്‍ നിന്നും ഇരുവിഭാഗവും പിന്‍മാറാനും മുന്‍സ്ഥിതി പുനസ്ഥാപിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. സൈനികതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് ഇന്ന് നടന്ന നയതന്ത്രതല ചര്‍ച്ചയിലും ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായത്.

ഗല്‍വാനിലെ സംഭവങ്ങളില്‍ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചതായാണ് വിവരം. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.