ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താന്‍ നയതന്ത്രബന്ധം വഷളായതോടെ പാക് ഹൈക്കമീഷനിലെ പകുതി പേരെ തിരിച്ചയക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യാഗസ്ഥരെ പിന്‍വലിക്കും. ഏഴുദിവസത്തിനകം ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
പാക് ഉദ്യോഗസ്ഥരരുടെ ചാരവൃത്തിയും ഭീകരസംഘടനകളുമായുള്ള ബന്ധവും മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ തീരുമാനമാനമെന്ന് പാക്കിസ്ഥാന് ഹൈക്കമ്മീഷനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നീക്കത്തിനെതിരേ പാക്കിസ്ഥാന് രംഗത്തെത്തി. ആഭ്യന്തരവിഷയങ്ങളില്നിന്നു ശ്രദ്ധ തിരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നാണ് ആരോപണം.
ഇന്ത്യന്‍ ഹൈക്കമീഷനിലെ രണ്ടു ജീവനക്കാരെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യന്‍ ജീവനക്കാരെ പാകിസ്താന്‍ പീഡിപ്പിക്കുകയാണെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു.
നാളുകളായി ഇന്ത്യയും പാകിസ്താനും തമ്മില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുന്നത്. തിങ്കളാഴ്ച ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജന്‍സികള്‍ പിടിച്ചുകൊണ്ടുപോയി അനധികൃതമായി പത്ത് മണിക്കറിലധികം കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചതാണ പ്രകോപനത്തിന് കാരണമായത്. ഇന്ത്യന്‍ ഹൈക്കമീഷനും വിദേശകാര്യമന്ത്രാലയവും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് ഇവരെ വിട്ടയക്കാന്‍ പാക് ഏജന്‍സികള്‍ തയ്യാറായത്.
ഡല്‍ഹിയിലെ പാകിസ്താന്‍ സ്ഥാനപതി കാര്യാലയം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന വിമര്‍ശനം വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഇന്ത്യാ വിരുദ്ധ വിഘടന വാദസംഘടനകളുടെ നേതാക്കളെ അടക്കം സ്ഥാനപതി കാര്യാലയത്തിലേക്ക് ക്ഷണിയ്ക്കപ്പെട്ടതും അവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയതും അന്വേഷണ എജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഇതിനെല്ലാം പിന്നാലെ ആണ് രണ്ടാഴ്ചകള്‍ക്ക് മുന്നില്‍ വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡുകളുമായി പാക്ക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ പിടിയിലായത്. ഇവരെ പിന്നീട് നാടു കടത്തിയിരുന്നു. ഇതിന് അനുബന്ധമായി നടന്ന അന്വേഷണത്തിലാണ് രാജ്യത്തിന് എതിരായ ചാരപ്രപര്‍ത്തനങ്ങളുടെ കേന്ദ്രമായി സ്ഥാനപതികാര്യാലയം മാറുന്നു എന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്ക് സ്ഥാനപതികാര്യാലയത്തിന് എതിരായ നടപടി.