അന്തരിച്ച സംവിധായകന് സച്ചിയെ അനുസ്മരിച്ച് പ്രമുഖ അഭിഭാഷകന് രഞ്ചിത്ത് മാരാര്‍. സംവിധായകനാകുന്നതിന് മുമ്ബ് സച്ചി അഭിഭാഷകനായിരുന്നു. അഭിഭാഷകനായ സച്ചിയെയാണ് സുഹൃത്തുകൂടിയായ രഞ്ചിത്ത് ഓര്‍മ്മപ്പെടുത്തുന്നത്.. ‘യാദൃശ്ചികമായി അഭിഭാഷകനായി മാറിയ സച്ചി’ എന്ന തലക്കെട്ടോടുകൂടിയാണ് രഞ്ചിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്..
2003ല്‍ അഭിഭാഷക അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് നാടകം സംവിധാനം ചെയ്തത് സച്ചിയായിരുന്നു. അന്ന് ആ നാടകത്തിലേക്കായി ചെണ്ട വായിക്കുന്ന ആള്‍ക്കു വേണ്ടിയുള്ള അന്വേഷണമാണ് സച്ചിയെ പരിചയപ്പെടാനുള്ള അവസരമായി തന്നിലേക്ക് എത്തിയതെന്ന് മാരാര്‍ പറയുന്നു. അഭിനിവേശം സിനിമയായിരുന്നിട്ടുകൂടി ക്രിമിനല്‍ ലോയര്‍ എന്ന നിലയിലുള്ള കര്മ്മപദത്തിലും സച്ചി മികച്ചു നിന്നിരുന്നു. സച്ചിയുടെ ശുപാര്‍ശ പ്രകാരമാണ് അഡ്വ. ശ്രീകുമാര്‍ ചേളൂരിന്റെ ജൂനിയറായി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്ന് രഞ്ചിത്ത് മാരാര്‍ കുറിപ്പില്‍ പറയുന്നുണ്ട്. ജൂനിയര്‍ അഭിഭാഷകനായുള്ള നിലനില്‍പ്പിന്റെ ആദ്യകാലഘട്ടത്തില്‍ സച്ചി സാമ്ബത്തികമായി തന്നെ ധാരാളം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ലഭിച്ചിരുന്ന ഫീസിന്റെ ഒരുഭാഗമാണ് സച്ചി സാര്‍ തനിക്കും തന്നുകൊണ്ടിരുന്നതെന്ന് രഞ്ചിത്ത് മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.