കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉത്തരവാദിത്തമില്ലാതെയാണ് കൈകാര്യം ചെയ്തത് എന്ന് ആരോപിച്ച്‌ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പുറമേക്കു പറഞ്ഞ ജാഗ്രത പ്രവൃത്തിയില്‍ ഉണ്ടായില്ല എന്നു തെളിയുകയാണ്‌ ഇപ്പോള്‍ എന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

” കേരളത്തില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം കൂടുമെന്ന്‌ കൃത്യമായി മനസ്സിലാക്കിയിട്ടും നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയതിന്‌ ഇപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരികയാണ്‌. ഉറവിടമില്ലാത്ത രോഗപ്പകര്‍ച്ചയുടെ എണ്ണം കൂടിവരുമ്ബോള്‍ ജില്ല തിരിച്ച്‌ വീണ്ടും ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച്‌ കൈയുംകെട്ടി ഇരിക്കുകയാണ്‌ സര്‍ക്കാര്‍. സമൂഹവ്യാപനം ഇല്ല എന്ന്‌ ഇടയ്‌ക്കിടെ പ്രഖ്യാപിക്കുന്നതില്‍ ഒതുങ്ങില്ല ഭരിക്കുന്നവരുടെ ഉത്തരവാദിത്തം. ഇത്ര ഉദാസീനമായും ഉത്തരവാദിത്തമില്ലാതെയും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്‌തതിന്‌ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറും മറുപടി പറയണം.

ഇരുപതിനായിരം ആളുകള്‍ക്കു വരെ കേരളത്തില്‍ കൊവിഡ്‌ ബാധിക്കാമെന്ന്‌ ചാനല്‍ അഭിമുഖത്തില്‍ നിസ്സാരമായി പറഞ്ഞ ആരോഗ്യ മന്ത്രി, അതിനു സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലേക്കുറിച്ചു കൂടി വിശദീകരിക്കണം. രാജ്യത്തിനു പുറത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും പ്രവാസി സഹോദരങ്ങള്‍ എത്തുന്നതോടെ കൊവിഡ്‌ പോസിറ്റീവ്‌ ആകുന്നവരുടെ എണ്ണം കുത്തനെ കൂടുമെന്ന്‌ കൃത്യമായി സര്‍ക്കാരിന്‌ മുന്നറിയിപ്പു ലഭിച്ചിരുന്നു. മലയാളികള്‍ പുറത്തു നിന്ന്‌ നാട്ടിലേക്കു വരുന്നത്‌ തടയാനോ വൈകിപ്പിക്കാനോ കഴിയില്ല. പക്ഷേ, വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരുന്നു.

പുറമേക്കു പറഞ്ഞ ജാഗ്രത പ്രവൃത്തിയില്‍ ഉണ്ടായില്ല എന്നു തെളിയുകയാണ്‌ ഇപ്പോള്‍. ഐസിഎംആറും സംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നല്‍കിയ താക്കീതുകളൊന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വകവച്ചില്ല. പകരം അവര്‍ ഓരോ ദിവസവും ആകെ രോഗികളില്‍ വിദേശത്തു നിന്നു വന്നവര്‍ ഇത്ര, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ ഇത്ര കണക്കു പറഞ്ഞ്‌, സമ്ബര്‍ക്കത്തിലൂടെ രോഗികളാകുന്നവര്‍ കുറവാണ്‌ എന്ന്‌ ആശ്വസിക്കുന്നു. പുറത്തു നിന്നു വന്നവരാണെങ്കിലും ഇവിടെ ഉണ്ടായിരുന്നവരാണെങ്കിലും ഇപ്പോള്‍ രോഗബാധിതരായി ഇവിടെത്തന്നെ ഉള്ളവരാണ്‌. അവരില്‍ നിന്നോ അവരുമായി ഇടപഴകിയവരില്‍ നിന്നോ രോഗം പകരാനുള്ള സാധ്യതയ്‌ക്കു നോരേ സീറോ ജാഗ്രതയാണ്‌ സര്‍ക്കാര്‍ കാണിച്ചത്‌.

അതുകൊണ്ടാണ്‌ കണ്ണൂരില്‍ ചെറുപ്പക്കാരനായ എക്‌സൈസ്‌ ഉദ്യോഗസ്ഥന്‍ നിന്ന നില്‍പ്പില്‍ കൊവിഡ്‌ ബാധിച്ചു മരിച്ചതും തിരുവനന്തപുരത്ത്‌ മധ്യവയസ്‌കനായ ഓട്ടോ ഡ്രൈവറും കുടുംബവും രോഗികളായതും. ഓട്ടോ ഡ്രൈവറുടെ യാത്രാപഥം പുറത്തു വിട്ട്‌, അദ്ദേഹവുമായി ഇടപഴകിയ ആളുകള്‍ ഇങ്ങോട്ട്‌ അറിയിക്കണം എന്ന്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌ സര്‍ക്കാര്‍. വേണ്ടുതന്നെ. പക്ഷേ, പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകളെ കണ്ടെത്തി രോഗപരിശോധന നടത്തുന്നില്ല. മുഖ്യമന്ത്രിക്ക്‌ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പരിഭ്രാന്തി സൃഷ്ടിക്കലിന്റെ ആശാനായ കടകംപള്ളി സുരേന്ദ്രനില്‍ നിന്ന്‌ തിരുവനന്തപുരത്തിന്റെ ചുമതല മാറ്റി പക്വതയും വിവേകവുമുള്ള ആരെയെങ്കിലും ഏല്‍പ്പിക്കണം.

സംസ്ഥാന വ്യാപകമായി ഉറവിടം വ്യക്തമാകാത്ത രോഗികളുടെ എണ്ണം

വര്‍ധിക്കുന്നത്‌ സൃഷ്ടിച്ചിരിക്കുന്ന സങ്കീര്‍ണമായ സാഹചര്യം ഗൗരവത്തിലെടുക്കണം. സംസ്ഥാനങ്ങളില്‍ കൊവിഡ്‌ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന മൂന്നംഗ ഉന്നതതല സംഘവുമായി സ്ഥിതിയുടെ ഗുരുതരാവസ്ഥ ചര്‍ച്ച ചെയ്യണം. തെരഞ്ഞെടുപ്പു വരെ കൊവിഡ്‌ ഭീതിയിലും നിങ്ങളുടെ ഗിമ്മിക്കുകളിലും കേരളത്തിലെ ജനങ്ങളെ നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനാണ്‌ ഭാവമെങ്കില്‍ ജനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും അത്‌ അനുവദിക്കില്ല. ജനങ്ങളെ നിങ്ങള്‍ കൊലയ്‌ക്കു കൊടുക്കരുത്‌”.