ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയും കോര്‍ഡിനേഷന്‍ കമ്മറ്റി അംഗവുമായ സഫൂറ സര്‍ഗാറിന് ജാമ്യം ലഭിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സഫൂറയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

സഫൂറയ്ക്ക് ജാമ്യം നല്‍കുന്നതിനെ കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പോലീസ് എതിര്‍ത്തിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തീഹാര്‍ ജയിലില്‍ കിടന്ന 39 സ്ത്രീകള്‍ പ്രസവിച്ചിട്ടുണ്ടെന്നും അതിനാല്‍ ഗര്‍ഭിണിയാണെന്ന കാരണത്താല്‍ സഫൂറയ്ക്ക് ജാമ്യം അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു ഡല്‍ഹി പോലീസ് നിലപാട്.

23 ആഴ്ച ഗര്‍ഭിണിയായ സഫൂറയുടെ ആരോഗ്യനില സംബന്ധിച്ച്‌ വലിയ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ജയിലിലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സഫൂറ തീഹാര്‍ ജയിലില്‍ കഴിയുന്നത് അവരുടെ ആരോഗ്യത്തെ തന്നെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഡല്‍ഹി പോലീസിന് വേണ്ടി കോടതിയില്‍ നിലപാട് അറിയിച്ചത്. ജാമ്യഹര്‍ജിയുടെ മെറിറ്റിലേക്ക് താന്‍ കടക്കുന്നില്ലെന്നും മുമ്ബുള്ള കീഴ്‌വഴക്കങ്ങള്‍ പരിശോധിക്കുന്നില്ലെന്നും ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ പ്രതി യാതൊരു വിധ ഇടപെടലും നടത്തരുതെന്നും തുഷാര്‍ മേത്ത കോടതിയില്‍ നിര്‍ദ്ദേശിച്ചു.

ജാമ്യം അനുവദിച്ചാലും സഫൂറ ഡല്‍ഹിയില്‍ തന്നെ തുടരേണ്ടി വരുമെന്ന് തുഷാര്‍ മേത്ത നിര്‍ദ്ദേശിച്ചു. എഎന്നാല്‍ സഫൂറയ്ക്ക് ചികിത്സയുടെ ഭാഗമായി ഫരീദാബാദിലേക്ക് പോകേണ്ടി വരുമെന്ന് അഭിഭാഷക നിത്യ രാമകൃഷ്ണ കോടതിയെ അഞിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി ബന്ധപ്പെട്ടാണ് സഫൂറയെ അറസ്റ്റ് ചെയ്തത്.