മൊണ്‍റോവിയ /അബിജാന്‍ : പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം ജൂണ്‍ 24 ന് യാഥാര്‍ഥ്യം ആകുന്നു.

വന്ദേ ഭാരത് മിഷനിലൂടെയുള്ള യാത്ര വിദൂര സ്വപ്നമായപ്പോള്‍ ഇന്ത്യന്‍ എംബസി ഇന്‍ അബിജാന്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്‍ ലൈബീരിയ, ഇരു രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളായ അബിജാന്‍ മലയാളീസ്, മഹാത്‌മാ കള്‍ച്ചറല്‍ സെന്റര്‍, ലൈബീരിയ എന്നിവരുടെ സംയുക്ത ശ്രമഫലമായി എത്യോപ്യന്‍ എയര്‍ ലൈന്‍സിന്റെ ഒരു ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതി നേടിയെടുക്കുകയുണ്ടായി.

ഐവറി കോസ്റ്റിന്റെ തലസ്ഥാനം ആയ അബിജാനില്‍ നിന്നും ജൂണ്‍ 24 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.50 ന് 195 യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം അന്നേദിവസം രാത്രി ഇന്ത്യന്‍ സമയം 10.20 ന് ലൈബീരിയയിലെ 92 യാത്രക്കാരുമായി ജൂണ്‍ 25 ന് രാവിലെ 8.10 ന് കൊച്ചിയില്‍ എത്തിച്ചേരും.

ഗര്‍ഭിണികളും, കുട്ടികളും, തൊഴില്‍ നഷ്ടപെട്ടവരും ഉള്‍പ്പെടെ 287 യാത്രക്കാര്‍ക്ക് നാട്ടിലെത്തുന്നതിന് വേണ്ടുന്ന സഹായം ചെയ്തുതന്ന അഭിജാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. സൈലാസ് തങ്ങള്‍ക്കും ലൈബീരിയയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീ. ജേറ്റിക്കും, വാഹേഗുരു ട്രാവല്‍സിനും ഇതിനു വേണ്ടുന്ന മറ്റ് സഹായങ്ങള്‍ ചെയ്തു നല്‍കിയ നാട്ടിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്കുമുള്ള നന്ദി ഇരു രാജ്യങ്ങളിലെയും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.