തിരുവനന്തപുരം: റേഷന്‍ വിതരണത്തിനുള്ള ബയോമെട്രിക് സംവിധാനം പുന:സ്ഥാപിച്ച്‌ ഉത്തരവിറങ്ങി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബയോമെട്രിക് സംവിധാനം പുന:സ്ഥാപിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.

കഴിഞ്ഞ മാസം 29ലെ മാര്‍ഗനിര്‍ദേശങ്ങല്‍ പരിഷ്‌കരിച്ച്‌ കൊണ്ടാണ് ഇനിമുതല്‍ ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുന:സ്ഥാപിച്ചത്. എന്നാല്‍ പോര്‍ട്ടബിലിറ്റി വഴിയല്ലാതെ റേഷന്‍ വാങ്ങുന്ന കാര്‍ഡുടമകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഒ.ടി.പി സംവിധാനം വഴി റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ബന്ധപ്പെട്ട ലൈസന്‍സികള്‍ ചെയ്തുകൊടുക്കണം.

ബയോമെട്രിക് ഓതന്റിക്കേഷന്‍ നടത്തുമ്ബോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചിരിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്നത് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, താലൂക്ക് ഓഫീസര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.