തിരുവനന്തപുരം: കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോല്‍ പലരും വീടുകളില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈനിലെ ഗെയിം കളികളുമായി നിരവധി പേര്‍ സമയം ചെലവഴിച്ചു. അങ്ങനെ വ്യാപകമായി പ്രചരിച്ച ഗെയിമുകളില്‍ ഒന്നായിരുന്നു റമ്മി.

ഈ റമ്മികളിയിലൂടെ പലര്‍ക്കും പണം നഷ്ടപ്പെട്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കോഴിക്കോട് ഭര്‍ത്താവിന്റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റമ്മികളിയുമായി ബന്ധപ്പെട്ട് അഭിനയിച്ച പരസ്യം പങ്കുവച്ചിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്. എന്നാല്‍ ഇതിന് പിന്നാലെ അജുവര്‍ഗീസിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച നേതാവയ സന്ദീപ് വാര്യര്‍.

അജുവര്‍ഗീസ് പങ്കുവച്ച പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പരിഹാസവുമായി രംഗത്തെത്തിയത്. ഭാര്യയും നാലു കുട്ടികളും ഉള്ള , ടാക്‌സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടന്നുമാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോള്‍ തന്നെ rummy circle ല്‍ ഒരു അടിപൊളി ഗെയിം കളിച്ചേയുള്ളു. അത് പോലെ ചക്ക ചാക്കോ എന്ന ക്യാരക്ടര്‍ ആയിട്ടു ഒന്ന് മിന്നി. നിങ്ങളും ട്രൈ ചെയ്യൂ എന്നായിരുന്നു അജുവര്‍ഗീസിന്റെ പോസ്റ്റ്.