തൃശൂര്‍: കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി യൂട്യൂബ് ചാനലുമായി അഗ്നിരക്ഷാ സേന. ദുരന്ത ലഘൂകരണത്തിനുളള ബോധവല്‍ക്കരണ വീഡിയോകള്‍ ഈ ചാനല്‍ വഴി പുറത്ത് വിടുകയാണ് ലക്ഷ്യം. പ്രളയമുണ്ടായാല്‍ നേരിടുന്നതിനുളള മുന്നൊരുക്കങ്ങളും അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കാനുളള പരിശീലനമാണ് കേരളാ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയും സിവില്‍ ഡിഫന്‍സ് അക്കാദമിയും സംയുക്തമായി അവതരിപ്പിക്കുന്ന യൂട്യൂബ് വീഡിയോയിലൂടെ പ്രധാനമായും നല്‍കുന്നത്. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ടോര്‍ച്ച്‌, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍, പോര്‍ട്ടബിള്‍ റേഡിയോ, ഇവയ്ക്ക് ആവശ്യമുള്ള സ്പെയര്‍ ബാറ്ററികള്‍, മെഴുകുതിരി, തീപ്പെട്ടി, രോഗികള്‍ ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ മരുന്നുകള്‍, അത്യാവശ്യ മൊബൈല്‍ നമ്ബറുകള്‍ അടങ്ങുന്ന ചാര്‍ട്ട്, അവശ്യ രേഖകളുടെ ഫോട്ടോ കോപ്പികള്‍, അവ സൂക്ഷിക്കുന്നതിന് വെള്ളം കയറാത്ത പ്ലാസ്റ്റിക് കവര്‍, പ്രഥമ ശുശ്രൂഷാ കിറ്റ്, ഫേസ് മാസ്‌കുകള്‍ സാനിറ്ററി, നാപ്കിനുകള്‍, ടവല്‍, ഒരു വിസില്‍ തുടങ്ങിയവ എമര്‍ജന്‍സി കിറ്റുകളില്‍ സൂക്ഷിക്കേണ്ടതാണ്. ഇവയ്ക്ക് പുറമേ വസ്ത്രവും, കുറച്ച്‌ മിനറല്‍ വാട്ടറും, ഉണക്കി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളും എമര്‍ജന്‍സി ഡിസാസ്റ്റര്‍ കിറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമാണ്.

എമര്‍ജന്‍സി കിറ്റ് തയ്യാറാക്കുമ്ബോള്‍ ഓരോ അംഗങ്ങള്‍ക്കും പ്രത്യേകം കിറ്റ് തയ്യാറാക്കാവുന്നതാണ്. അതുപോലെ ഉപകരണങ്ങളില്‍ ബാറ്ററി ഫിറ്റ് ചെയ്യാതിരിക്കാനും, സാധനങ്ങള്‍ കുത്തിനിറച്ച്‌ എമര്‍ജന്‍സി കിറ്റ് സഞ്ചാരത്തിന് തടസ്സമാകാതിരിക്കാനും, ശേഖരിച്ച വസ്തുക്കളില്‍ കാലാവധി കഴിഞ്ഞവ മാറ്റി വയ്ക്കുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അടുത്ത ദുരന്തത്തിന് കാത്തു നില്‍ക്കാതെ എല്ലാ വീടുകളിലും എമര്‍ജന്‍സി കിറ്റുകള്‍ ഒരുക്കുന്നതിനാണ് ബോധവത്ക്കരണ വീഡിയോയിലൂടെ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

ഫയര്‍ ആന്റ് റസ്‌ക്യൂ അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെനി ലൂക്കോസിന്റെയും സിവില്‍ ഡിഫന്‍സ് അക്കാദമി സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ അബ്ദുള്‍ സലീമിന്റെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എഫ് ആര്‍ ഒ മുഹമ്മദ് അലി, എഫ് എ ആര്‍ എസ് എ ക്ലെര്‍ക്ക് നോബിള്‍ രാജു, കെ.ആര്‍ ശ്രീനിവാസന്‍ സിവില്‍ ഡിഫന്‍സ് എസ് എഫ് ആര്‍ ഒ, എഫ്‌ആഒ ട്രെയിനികളായ ആല്‍ബിന്‍ അബ്രഹാം, അബിമോദ് യസോദരന്‍, വിപിന്‍ ചന്ദ്രന്‍, ആര്യാനന്ദ് മുരളി തുടങ്ങിയവരുമാണ് സുരക്ഷാ മുന്നൊരുക്ക വീഡിയോയുടെ പിന്നണി പ്രവര്‍ത്തിച്ചത്.