ഇസ്ലാമാബാദ്: വടക്കൻ പാക്കിസ്ഥാനിൽ 1200 വർഷം പഴക്കമുള്ള വലിയ മാർബിൾ കുരിശ് കണ്ടെത്തി. മൂന്നു മുതൽ നാലു ടൺ വരെ ഭാരം ഉണ്ടെന്ന് അനുമാനിക്കുന്നു. ഉയരം ഏഴും വീതി ആറും അടിയാണ്.
ബാൾട്ടിസ്ഥാനിലെ കവാർഡോയിൽ സിന്ധു നദിയോട് ചേർന്നുള്ള മലനിരകൾക്കു മുകളിലാണ് കുരിശുള്ളത്. യൂണിവേഴ്സിറ്റി ഓഫ് ബാൾട്ടിസ്ഥാൻ വൈസ് ചാൻസലർ മുഹമ്മദ് നയിം ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ പര്യവേക്ഷണത്തിനിടെയാണിതു കണ്ടെത്തിയത്.
ബാൾട്ടിസ്ഥാനിൽ ഇതിനു മുന്പ് ഇങ്ങനെ ഒരു കുരിശ് കണ്ടെത്തിയിട്ടില്ല. ക്രൈസ്തവ മതം ഇവിടെ നിലനിന്നിരുന്നുവെന്നും സമീപത്ത് പള്ളിയും ക്രൈസ്തവ ഭവനങ്ങളും ഉണ്ടായിരുന്നുവെന്നുമുള്ളതിന്റെ സൂചനയാണ് കുരിശിന്റെ സാന്നിധ്യം.
ഇപ്പോൾ ഈ മേഖലയിൽ ക്രൈസ്തവസാന്നിധ്യമില്ലെങ്കിലും മുന്പുണ്ടായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നുവെന്ന് പാക്കിസ്ഥാനിലെ കാരിത്താസ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൻഷാ നൂർ പറഞ്ഞു.
യൂറോപ്പിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് ബാൾട്ടിസ്ഥാൻ യൂണിവേഴ്സിറ്റിയുടെ പദ്ധതി.