ഡല്‍ഹി∙ വായ്പതിരിച്ചടവിനു സാവകാശം അനുവദിച്ച കാലയളവിലെ പലിശയ്ക്കുമേല്‍ പിന്നീടു പലിശയീടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നു സുപ്രീം കോടതി. മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ അതിന്റെ ലക്ഷ്യം നിറവേറ്റപ്പെടണം. എല്ലാം ബാങ്കുകളുടെ ഉത്തരവാദിത്തമെന്നു പറഞ്ഞ് മാറിനില്‍ക്കാതെ ഇടപെടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ജസ്റ്റിസ് അശോക്ഭൂഷണ്‍, ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

മൊറട്ടോറിയം കാലത്തു പലിശ ഈടാക്കരുതെന്നാവശ്യപ്പെടുന്ന ഹര്‍ജിയാണു പരിഗണിക്കുന്നത്. പലിശ ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരിച്ചു. നിക്ഷേപകര്‍ക്കു പലിശ നല്‍കേണ്ടതുകൊണ്ട് വായ്പയുടെ പലിശ ഒഴിവാക്കാനാകില്ല. ബാങ്കുകളും ഇതേ നിലപാടെടുത്തു.

എന്നാല്‍, പൂര്‍ണമായും പലിശ ഒഴിവാക്കലല്ല, പലിശയ്ക്കു മേല്‍ പലിശ ഈടാക്കുന്നതാണു പ്രശ്നമെന്നു കോടതി വ്യക്തമാക്കി. അടുത്ത ഹിയറിങ്ങിനുമുന്‍പ് പ്രശ്നം ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നു സര്‍ക്കാര്‍, റിസര്‍വ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ എന്നിവരോടു കോടതി നിര്‍ദേശിച്ചു.