ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയില്‍ കേണല്‍ ഉള്‍പ്പടേയുള്ള 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയാക്കിയ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന നാല് സൈനികരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റ് നാല് സൈനികരുടെ നില ഗുരുതരമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് 20 സൈനികര്‍ വീരമൃത്യു വരിച്ചെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. അതേസമയം, ഇരുസൈന്യങ്ങളും തമ്മില്‍ വെടിവയ്പ്പുണ്ടായിട്ടില്ല. കല്ലേറും തമ്മില്‍ ഇരുമ്ബുകമ്ബികൊണ്ടുള്ള ആക്രമണവുമാണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അറൂന്നൂറിലേറെ വരുന്ന ചൈനീസ് സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ നേരിടാനെത്തിയത്. പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്വരയിലെ 14ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മേഖലയിലേക്ക് മുന്നേറിയതായി മനസ്സിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു. ചൈനീസ് പട്ടാളവുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനായിരുന്നു ഇന്ത്യന്‍ സംഘം തുടക്കത്തില്‍ തന്നെ ശ്രമിച്ചത്. ചര്‍ച്ചകള്‍ വിജയത്തിലേക്കെത്തിയെന്ന് തോന്നിയ ഘട്ടം. ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്‍മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും സംഭവ സ്ഥലത്ത് നിന്നും പിരിഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ പട്രോളിങ് സംഘം മടങ്ങിയെന്ന് മനസ്സിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ സ്ഥലത്തേക്ക് വീണ്ടും വന്നു. ചര്‍ച്ചകളെ ധിക്കരിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ഉടന്‍ തന്നെ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സേന കൂടുതല്‍ പേരുമായി സ്ഥലത്തെത്തി. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഘര്‍ഷത്തില്‍ ഇന്ത്യയേക്കാള്‍ കനത്ത ആള്‍നാശമാണ് സംഘര്‍ഷത്തില്‍ ചൈനക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയുടെ ഭാഗത്ത് സംഭവിച്ചതിനേക്കാള്‍ വലിയ നാശമാണ് ചൈനീസ് ഭാഗത്ത് ഉണ്ടായിരിക്കുന്നത്.

അതേസമയം, ലഡാക്കിലെ അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കാന്‍ കാരണം ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ പരിണിതഫലമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ചൈനയെ അറിയിച്ചു. എല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നും കേന്ദ്രമന്ത്രി ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സ്വീകരിച്ച നിലാപാടും എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.