ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശക്തമായ പനിയും ശ്വാസതടസത്തെയും തുടര്‍ന്നു സത്യേന്ദ്ര ജെയിനെ ചൊവ്വാഴ്ച രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സാന്പിള്‍ പരിശോധിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ അദ്ദേഹത്തിന്റെ കോവിഡ് സാന്പിള്‍ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പനി കുറയാത്ത സാഹചര്യത്തില്‍ വീണ്ടും സത്യേന്ദ്ര ജെയിന്റെ സാന്പിള്‍ പരിശോധിക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിനു തൊട്ടുപിന്നാലെ ആയിരുന്നു സത്യേന്ദ്ര ജെയിനു രോഗലക്ഷണങ്ങള്‍ കാണിച്ചത്. യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും സംബന്ധിച്ചിരുന്നു.
ഡല്‍ഹിയിലെ ആംആദ്മി നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിഷി, അക്ഷയ് മറാത്ത് എന്നി നേതാക്കള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് ഡല്‍ഹി.



