ദോഹ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഖത്തര്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് ലോകത്തിന് പ്രതീക്ഷയുടെ സന്ദേശം നല്‍കുന്നതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. കോവിഡ് കാലത്തിന് ശേഷം ലോകത്തെ ഒരുമിപ്പിക്കുന്ന മേളയായിരിക്കും 2022 ലോക കപ്പെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിക്കിടയിലും പുതിയ സ്റ്റേഡിയം പൂര്‍ത്തിയാക്കാനായത് നമ്മുടെ പദ്ധതികള്‍ മുന്‍നിശ്ചയ പ്രകാരം മുന്നോട്ടു പോകുന്നതിന്റെ തെളിവാണ്. ഖലീഫ ഇന്റര്‍നാഷനലിനും അല്‍ ജുനൂബിനും ശേഷം മൂന്നാമത്തെ ലോക കപ്പ് വേദിയാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം. രണ്ട് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും അല്‍ തവാദി പറഞ്ഞു.

സീറ്റുകള്‍ ഗ്രൗണ്ടിനോട് ഏറ്റവും അടുത്ത് സജ്ജീകരിച്ചിരിക്കുന്നതിനാല്‍ 40,000 പേര്‍ക്ക് ഇരിക്കാവുന്ന പുതിയ സ്റ്റേഡിയം കാണികള്‍ക്ക് ആവേശം പകരുന്ന അനുഭവമായിരിക്കും. കോവിഡ് വ്യാപനത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ലോക മേളയായിരിക്കും 2022ലെ ലോക കപ്പ് ഫുട്‌ബോള്‍. വെല്ലുവിളികള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, ലോകത്തെ ഫുട്‌ബോള്‍ എന്ന ഒരേ വികാരത്തില്‍ ഒരുമിപ്പിക്കാനുള്ള അവസരം കൂടിയാവും അത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.