ലൈംഗിക ഭ്രംശങ്ങൾ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ വരി ഉടയ്ക്കണം എന്ന് ആക്രോശിക്കുന്നതിന്റെ അശാസ്ത്രീയത വെളിപ്പെടുത്തി പ്രശസ്ത സൈക്യാട്രിസ്റ്റും ഡോക്ടറുമായ ഡോ ഫാ. ഡേവ് അക്കര കപ്പൂചിൻ എഴുതിയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽനിന്നും എംബിബിഎസ് പാസായതിനുശേഷം ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി വൈദികവൃത്തി തെരഞ്ഞെടുത്ത വ്യക്തിയാണ് ഡോ. ദേവ് കപ്പൂച്ചിൻ. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗത്തിൽ ജൂനിയർ റസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ക്രിസ്തുവിനെ പ്രതി ലക്ഷങ്ങൾ ശമ്പളം ലഭിക്കുമായിരുന്ന ജോലി പോലും ഉപേക്ഷിച്ച് സ്വയം ശൂന്യവൽക്കരണത്തിന്റെ പാത പുൽകുന്ന ഇത്തരം വൈദികരെയാണ് സഭയ്ക്കിന്ന് ആവശ്യം.
വൈദികന്റെ പോസ്റ്റ്
കത്തോലിക്കാ പൗരോഹിത്യ ബ്രഹ്മചര്യം : ‘വരിയുടയ്ക്കൽ’ വാദത്തിനു പിന്നിലെ അബദ്ധത്തിന് പിന്നിൽ
അമിതമായ ഉത്ക്കണ്ഠ വരുമ്പോൾ നെഞ്ച് പടപടാ മിടിക്കും… താങ്ങാനാവാത്ത ഒരു ദുഃഖം വരുമ്പോൾ നെഞ്ചിൽ വലിയ ഭാരം തോന്നും….അപ്പോഴൊക്കെ നെഞ്ചിൽ കൈ വെച്ച് സ്വയം ആശ്വസിപ്പിക്കാൻ നോക്കും….
യഥാർത്ഥത്തിൽ നെഞ്ച് പട പടാ മിടിക്കുന്നതും ഹൃദയ ഭാരം തോന്നുന്നതും നെഞ്ചിന്റെ പ്രശ്‌നം കൊണ്ടല്ല ….മറിച്ച് ദുഃഖവും വ്യാധിയും ഉണ്ടാക്കുന്ന സാഹചര്യങ്ങളെ നമ്മുടെ മസ്തിഷ്‌കം വിശകലനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ നാഡീവ്യൂഹ വ്യവസ്ഥ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ്. ദുഃഖവും ഉത്കണ്ഠയും പോലെ തന്നെ ലൈംഗീകതയും ഒരു വികാരം തന്നെയാണ്. ഈ വികാരത്തിൻറെ ഉറവിടകേന്ദ്രം നമ്മുടെ മസ്തിഷ്‌കം ആണ് . അതുകൊണ്ടുതന്നെ കഴുത്തിനു താഴെ ശരീരം തളർന്നു പോയവരിലും ലൈംഗിക വികാരങ്ങളും ഉത്തേജനങ്ങളും സംഭവിക്കുന്നുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നിർഭാഗ്യവശാൽ സാക്ഷരത മുറ്റി നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലെ പല സ്വയ അവരോധിത സാംസ്‌കാരിക നായകന്മാരുടെയും ചാനൽ ചർച്ചാവിദ്വാന്മാരുടെയും, തെറ്റിദ്ധാരണ ലൈംഗിക വിചാരവികാരങ്ങൾ കുടികൊള്ളുന്നത് മനുഷ്യൻറെ ബാഹ്യമായ ലൈംഗിക അവയവങ്ങളിൽ ആണെന്നാണ്. അതുകൊണ്ടാണ് എന്തെങ്കിലും ലൈംഗിക ഭ്രംശങ്ങൾ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ വരി ഉടയ്ക്കണം എന്ന് ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്നത്.
പരിണാമപരമായി എല്ലാ ജീവജാലങ്ങളുടെയും ശരീരഘടനയിൽ ആഹ്ലാദാനുഭൂതിദായകമായ ഒരു വികാരമാണ് ലൈംഗീകത . പ്രകൃതി തന്നെ ഇത്തരത്തിൽ അതിനെ ക്രമീകരിച്ചിരിക്കുന്നത് ഈ ഭൂമിയിൽ ഒരോ ജീവവർഗ്ഗത്തിന്റെയും വംശം നിലനിർത്തുന്നതിനും വളർച്ച ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. ഏതൊരു നല്ല അനുഭൂതിയും തലച്ചോറിൽ ഡോപ്പമിൻ എന്ന് രാസപദാർഥം ഉത്പാദിപ്പിക്കുന്നു. മനുഷ്യൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഏറ്റവും കൂടുതൽ ഡോപ്പമിൻ ഉൽപാദിപ്പിക്കപ്പെടുന്നു എന്നതാണ് ശാസ്ത്രം. സെക്‌സിനേക്കാൾ അധികമായി ഡോപ്പമിൻ ഉത്പാദിപ്പിക്കാൻ ലഹരി പദാർത്ഥങ്ങൾക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് ലഹരിക്കടിമയായിട്ടുള്ളവർ പലപ്പോഴും ദാമ്പത്യബന്ധത്തെകാൾ ആഹ്ലാദാനുഭൂതിക്കുവേണ്ടി ലഹരിയിൽ ആശ്രയിക്കുന്നത്.
പ്രകൃതിയിൽ മനുഷ്യൻ വെറും ഒരു ജീവി മാത്രമാണെങ്കിലും മനുഷ്യനെ അവന്റെ പൂർവ്വീകൻമാരായ കുരങ്ങ് വർഗ്ഗത്തിൽ നിന്നും വ്യതിരിക്തമാക്കുന്നത് അവൻറെ തലച്ചോറിൻറെ വികാസമാണ്. പ്രത്യേകമായി അവൻറെ നെറ്റിക്ക് പുറകിലുള്ള ഫ്രോണ്ടൽ ലോബ് (Frontal lobe) യുക്തിസഹചമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും വികാരവിചാരങ്ങളെ നിയന്ത്രിക്കാനും അവനെ സഹായിക്കുന്നു. ഈ മസ്തിഷ്‌ക ഭാഗത്തന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് റെസ്‌പോൺസ് ഇൻഹിബിഷൻ (Response inhibition) അതായത് വൈകാരികമായ ഒരു പ്രതികരണം തടയാനുള്ള ശേഷി. (Ref: marshmallow-delayed gratification experiment/ you tube)
ഒരുവന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന ജനിതകപരവും വ്യക്തിപരവും സാമൂഹികവുമായ രൂപീകരണമാണ് റെസ്‌പോൺസ് ഇൻഹിബിഷനിലൂടെ (response inhibition) തൻറെ വികാരത്തെ നിയന്ത്രിക്കാനുള്ള ഒരാളുടെ കഴിവിനെ നിശ്ചയിക്കുന്നത്. ഇവിടെയാണ് ശൈശവം മുതലുള്ള സ്വഭാവരൂപീകരണത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്.
പെണ്ണുകെട്ടിയവർക്കും കെട്ടാത്തവർക്കും, അവരുടെ തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയും സാധാരണ നിലയിൽ പ്രവർത്തനക്ഷമമാണെങ്കിൽ, ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ പഞ്ചേന്ദ്രിയങ്ങളുടെ ഉദ്ധീപനവും ലൈംഗികമായ വികാരങ്ങൾ ഉണ്ടാക്കും. എന്നാൽ വികാരത്തിൻറെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണോ അതോ വിവേകത്തോടെ പെരുമാറണോ എന്ന് തീരുമാനമെടുക്കാൻ നമ്മളെ സഹായിക്കുന്നത് നമ്മുടെ തലച്ചോറാണ്. അതുകൊണ്ടുതന്നെ വന്ദീകരണം നടത്തിക്കൊണ്ട് ലൈംഗിക ഉത്തേജനം അപ്പാടെ നിർമാർജനം ചെയ്യാം എന്നുള്ള ഗീർവാണങ്ങൾ വെറും ജൽപ്പനങ്ങൾ ആയേ പരിഗണിക്കേണ്ടതുള്ളൂ.
ഇനിയെങ്ങാനും ഇവരുടെ നിർദ്ദേശങ്ങൾ കാര്യമായി പരിഗണിച്ചിരുന്നെങ്കിലോ…കേരളത്തിലെ ഒരു നല്ലൊരു ശതമാനം പുരുഷന്മാർക്കും അവരുടെ ലൈംഗിക അവയവങ്ങൾ നഷ്ടപ്പെട്ടേനേ….കാരണം വർഷം തോറും കേരളത്തിൽ ഏകദേശം രണ്ടായിരത്തോളം ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി തന്നെയുണ്ട്. (NCRB 2018-പത്തു വർഷത്തിനുള്ളിൽ മൂന്ന് ഇരട്ടിയാണ് വർദ്ധന) മറ്റ് ലൈംഗീക അതിക്രമങ്ങൾ കൂടി കൂട്ടിയാൽ സംഖ്യ പിന്നേയും വർദ്ധിക്കും. ഇനി ബലാത്സംഗത്തിന്റെ ആധുനിക നിർവചനത്തിന്റെ അടിസ്ഥാനത്തിൽ വിവാഹിതരായവരുടെ ഇടയിൽ നടക്കുന്ന മാരിറ്റൽ റെയ്പ്പ് (marital rape ) കൂടി പരിഗണിക്കുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി. ഈ പ്രതിവിഭാഗത്തിൽ പെട്ട കത്തോലിക്കാ പുരോഹിതന്മാരുടെ എണ്ണം ആനുപാതികമായി വളരെ തുച്ഛം മാത്രമാണെന്നതു വ്യക്തമാണല്ലോ.
പിൻക്കുറിപ്പ് : ആധ്യാത്മിക അനുഭൂതികളിലും തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഡോപ്പമിൻ തന്നെയാണ്. ആധുനിക ശാസ്ത്രീയപഠനങ്ങൾ തീവ്രമായ പല ധ്യാന അനുഭവങ്ങളും ലൈംഗീകതയെക്കാൾ അധികമായ ആഹ്ലാദാനുഭൂതി (reward responses) ജനിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്…. ബ്രഹ്മചര്യ വ്രതമെടുക്കുന്നവർ അധ്യാത്മിക മാർഗ്ഗത്തിലുടെയുള്ള അനന്ദ അനുഭൂതികൾക്കാണ് പ്രാധാന്യം നൽകേണ്ടത്. പരിശീലന കാലഘട്ടത്തിൽ ഇത് സാധ്യമല്ല എന്ന മനസ്സിലാക്കിയാൽ സ്വയം പിൻമാറുകയാണ് നല്ലത്.
ഡോ. ഫാ ഡേവ് അക്കര കപ്പൂചിൻ
ജൂണിയർ റസിഡന്റ്
സൈക്യാട്രി വിഭാഗം
Govt MCH തിരുവന്തപുരം



