ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചുചേർത്തു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്.
ഉച്ചയ്ക്ക് ഒന്നരയോടെ യോഗം അവസാനിച്ചതിനുശേഷം രാജ്നാഥ് പ്രതിരോധ മന്ത്രാലയത്തിൽനിന്നു സ്വന്തം വസതിയിലേക്കു പോയി. മൂന്ന് മണിയോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലെത്തും. വൈകിട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിർത്തിയിലെ സംഘർഷം സംബന്ധിച്ച് വിശദീകരണം നൽകുമെന്നാണു റിപ്പോർട്ടുകൾ.
കിഴക്കൻ ലഡാക്കിൽ ചൈനയുടെ ആക്രമണത്തിൽ ഒരു കേണലടക്കം മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണു യോഗം. ഗാൽവാൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രിയാണ് ചൈനീസ് ആക്രമണമുണ്ടായത്. ഇൻഫെൻട്രി ബറ്റാലിയനിലെ കമാൻഡിംഗ് ഓഫിസറായ സന്തോഷ് ബാബുവും രണ്ടു സൈനികരുമാണു കൊല്ലപ്പെട്ടത്.
1975-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങി.



