കോവിഡ് മുക്തമായെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്. യുകെയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. മാത്രമല്ല ഈ രണ്ട് പേര്‍ക്കും ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേകം ഇളവ് നല്‍കിയതായി ടെലിവിഷന്‍ ന്യൂസിലാന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വൈകീട്ട് വിശദീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
ഭാവിയില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവ പുറത്തുനിന്നുവരുന്നവര്‍ക്കായിരിക്കുമെന്നാണ് ന്യൂസിലാന്‍ഡിന്റെ കണക്കുകൂട്ടല്‍. പുറത്തുനിന്ന് വരുന്നവരെ കൃത്യമായി ക്വാറന്റീന്‍ ചെയ്ത് വ്യാപനം തടഞ്ഞുനിര്‍ത്തുകയാണ് ന്യൂസിലാന്‍ഡ്. പുറത്തുനിന്ന് ആര് എത്തിയാലും പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം.
അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്റില്‍ ഇതുവരെ 1,156 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 21 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ ലോക്ക്ഡൗണാണ് ന്യൂസിലന്‍ഡിനെ കോവിഡ് മുക്തമാക്കാന്‍ സഹായിച്ചത്. കൂടുതല്‍ ജാഗ്രതയില്‍ തന്നെയാണ് രാജ്യം.