പത്തനംതിട്ട: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ (തടയലും നിരോധിക്കലും പരിഹാരവും) ആക്‌ട് 2013 പ്രകാരം പത്തും അതില്‍ കൂടുതലും ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മറ്റി രൂപീകരിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. പത്തില്‍ കുറവ് ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ലഭ്യമാകുന്ന പരാതികള്‍ ഏഴു ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാതല ലോക്കല്‍ കംപ്ലയിന്റ്‌സ് കമ്മറ്റിക്ക് കൈമാറണം.
നാളിതുവരെയും ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റി രൂപീകരിച്ചിട്ടില്ലാത്ത തൊഴിലിടങ്ങളില്‍ അടിയന്തിരമായി കമ്മിറ്റി രൂപീകരിച്ച് അംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് അതത് സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കണം. വീഴ്ച വരുത്തുന്ന തൊഴില്‍ മേധാവിക്കെതിരെ 50000 രൂപ വരെ പിഴ ഈടാക്കാം. ജില്ലയിലെ സ്ഥാപനങ്ങളില്‍ കംപ്ലയിന്റ്‌സ് കമ്മറ്റി രൂപീകരിച്ചതിന്റെ വിശദാംശങ്ങളും കമ്മറ്റിയുടെ പ്രവര്‍ത്തനവും പരിശോധിച്ച് ബോധ്യപ്പെടുന്നതിനായി നോഡല്‍ വകുപ്പായ വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.