കണ്ണൂര്‍ : പയ്യാവൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മനീഷിന്റ മൃതദേഹം രാവിലെയും മറ്റ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ വൈകീട്ടോടെയുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സുഹൃത്തുക്കളായ നാല് യുവാക്കള്‍ കൂട്ടുപുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ സനൂപ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സനൂപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മനീഷും അരുണും ഒഴുക്കില്‍പ്പെട്ടു. വെള്ളത്തിലിറങ്ങാതിരുന്ന അജിത്ത് മാത്രം രക്ഷപ്പെട്ടു.

അപകടസ്ഥലത്തിന് 100 കിലോ മീറ്റര്‍ അകലെ നിന്നാണ് രാവിലെ ഏഴ് മണിയോടെ മനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഫൈബര്‍ബോട്ടിന്റെ സഹായത്തോടെ മൃതദേഹം കരക്കടുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ വൈകീട്ടോടെയാണ് സനൂപിന്റെയും അരുണിന്റെയും മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.