തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകള്‍ ജൂണ്‍ 15 മുതല്‍ തുടര്‍ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടര്‍ പാഠഭാഗങ്ങളാണ് ജൂണ്‍ 15 മുതല്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴി ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളില്‍ എത്തിക്കുന്നത്.

ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സമര്‍പ്പിച്ച മാതൃകാ വീഡിയോക്ലാസുകള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകള്‍ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകള്‍ തയാറായിട്ടുണ്ട്. എസ്.സി.ഇ.ആര്‍.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജന്‍സികള്‍ തയാറാക്കുന്ന വീഡിയോ ക്ലാസുകള്‍ എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി അംഗങ്ങളുടെയും പുറമെ നിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിംഗിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്.

ഈ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളില്‍ പോലും എസ്.സി.ഇ.ആര്‍.ടിയില്‍ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വീഡിയോ ക്ലാസുകള്‍ ഘട്ടംഘട്ടമായി തയാറാക്കും. ഇതിന്റെ ഭാഗമായി ഉര്‍ദു, സംസ്‌കൃതം, അറബിക് വിഷയങ്ങളുടെ വീഡിയോ ക്ലാസുകളും ജൂണ്‍ 15ന് തുടങ്ങുന്ന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.