തിരുവനന്തപുരം: പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തണമെങ്കില്‍ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കെറ്റ് കൂടി ഇനിമുതല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 20 മുതല്‍ വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് പരിശോധനാഫലം കയ്യിലുണ്ടാകണമെന്ന നിബന്ധന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ആളുകള്‍ തിരിച്ചെത്തിയതോടെ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണിതെന്ന് റിപ്പോര്‍ട്ട് . 48 മണിക്കൂറിനുളളില്‍ നടത്തിയ പരിശോധനാഫലമാണ് ഇതിനായി നല്‍കേണ്ടത്.
ചില ഗള്‍ഫ് രാജ്യങ്ങളില്‍ ജനസംഖ്യയുടെ ആറു ശതമാനത്തിനുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് രോഗബാധയുമായി എത്തുന്ന പ്രവാസികള്‍ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ കണ്ടെത്തല്‍. ഇത് തുടര്‍ന്നാല്‍ കേരളത്തില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അതിനാലാണ് പരിശോധന കര്‍ശനമായി നടപ്പാക്കാന്‍ പോകുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ വിവിധ സംഘടനകള്‍ക്ക് അയച്ച എഴുത്തില്‍ വിശദമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള എന്‍ഒസിക്കുവേണ്ടി കേരള സര്‍ക്കാരിനെ സമീപിച്ച ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപ്പിള്ളയ്ക്ക് നല്‍കിയ മറുപടിയിലാണ് പുതിയ നിബന്ധന ഉള്‍പ്പെടുത്തിയിരുന്നത്. ബഹ്‌റൈനില്‍ ഈ സംവിധാനം പ്രായോഗികമല്ലെന്നും ധാരാളം പേര്‍ അടുത്ത ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുകയുമാണെന്നും കാണിച്ച് അദ്ദേഹം നിവേദനം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 20 വരെ എത്തുന്നവര്‍ക്ക് ആവശ്യമില്ലെന്ന് കാണിച്ച് മറുപടി ലഭിച്ചത്. നിലവില്‍ 8,000 മുതല്‍ 10,000 രൂപ വരെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് പരിശോധനയ്ക്കായി ലാബുകളും ആശുപത്രികളും ഈടാക്കുന്ന നിരക്ക്.
നിലവില്‍ യാത്രക്ക് മുന്നോടിയായി പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. ഇത് കൂടാതെയാണ് അംഗീകൃത ലാബില്‍ നിന്നും യാത്ര തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നേടിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റും ഈടാക്കണമെന്ന നിബന്ധന.