പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് ഈടാക്കിയ നിരക്ക് വര്‍ദ്ധന പിന്‍വലിച്ച്‌ എയര്‍ ഇന്ത്യ. ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സൗദിയില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ വിമാന നിരക്ക് പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞദിവസം ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് പോയ യാത്രക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് ഏകദേശം 34,000 രൂപയോളമാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ഏകദേശം 16,800 ഇന്ത്യന്‍ രൂപയായാണ് നിരക്ക് കുറച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് എടുത്തവര്‍ക്ക് കുറവ് വരുത്തിയ തുകയുടെ ബാക്കി തിരിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.