ഹൈദരാബാദ്: തെലങ്കാനയില്‍ ദുരഭിമാന കൊല. അച്ഛനും അമ്മയും ചേര്‍ന്ന് 20 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച്‌ കൊന്നു. ഗര്‍ഭിണിയായ മകള്‍ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണം. ഇതിന് പുറമേ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായുളള കല്യാണത്തില്‍ നിന്ന് പിന്മാറാതിരുന്നതും കൊലയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.

തെലങ്കാനയിലെ ജോഗുലമ്ബ ഗദ്വാള്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. എന്നാല്‍ കൊലപാതകമാണെന്ന കാര്യം പുറത്തുവന്നത് വൈകിയാണ്.ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ദുരഭിമാന കൊലയ്ക്ക് ഇരയായത്. മാതാപിതാക്കളായ ഭാസ്‌കര ഷെട്ടിയും വീരമ്മയുമാണ് വീട്ടില്‍ വച്ച്‌ മകളെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഉറങ്ങുന്ന സമയത്ത് തലയിണ ഉപയോഗിച്ചാണ് മകളെ ശ്വാസംമുട്ടിച്ച്‌ കൊന്നത്. എന്നാല്‍ മകള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് മാതാപിതാക്കള്‍ നാട്ടുകാരോട് പറഞ്ഞത്.

പെണ്‍കുട്ടിയുടെ കഴുത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ട പാട് ശ്രദ്ധയില്‍പ്പെട്ട പൊലീസ് അന്വേഷണത്തിലൂടെ കേസിന്റെ ചുരുളഴിക്കുകയായിരുന്നു. മൃതദേഹ പരിശോധനയില്‍ ശ്വാസംമുട്ടിച്ച്‌ കൊന്നതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാപിതാക്കളാണ് കുറ്റക്കാര്‍ എന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കുര്‍ണൂലിലെ സ്വകാര്യ കോളജിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. സഹപാഠിയുമായി 20കാരി പ്രണയത്തിലായിരുന്നു. അടുത്തിടെ സുഖമില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി 13 ആഴ്ച ഗര്‍ഭിണിയാണ് എന്ന് തെളിഞ്ഞു. തുടര്‍ന്ന് ഗര്‍്ഭച്ഛിദ്രം നടത്താന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു.

ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാവില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി, കാമുകനുമായുളള വിവാഹവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. മറ്റു രണ്ടുപെണ്‍കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് ഭയപ്പെട്ട മാതാപിതാക്കള്‍ 20കാരിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.