ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന തീവണ്ടികള്‍ക്ക് അനുമതി. കേരളമുള്‍പ്പടെ സംസ്ഥാനങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഏതാനും പ്രത്യേക തീവണ്ടി സര്‍വീസുകള്‍ നടത്തു. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് കാര്യത്തില്‍ തീരുമാനമായില്ല.

പ്രത്യേക തീവണ്ടികളായി കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുക. മംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന മാവേലിയും മലബാറും കാസര്‍കോട് നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. മധുരയില്‍ നിന്ന് സര്‍വീസ് ആരംഭിക്കേണ്ട അമൃത എക്‌സപ്രസ് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും. എന്നാല്‍ തിരുവനന്തപുരം മംഗളൂരു എക്‌സപ്രസ്, പരശുറാം എക്‌സ്പ്രസ് എന്നിവ ഉടന്‍ സര്‍വീസ് നടത്തില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കും.

ജൂണ്‍ 15 മുതലാണ് മൂന്ന് വണ്ടികളും സര്‍വീസ് ആരംഭിക്കുക. എല്ലാ കോച്ചുകളിലും റിസര്‍വേഷന്‍ മാത്രമേ അനുവദിക്കൂ. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഈ വണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ശനിയാഴ്ച ആരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ജൂണ്‍ 15ന് മൂന്ന് വണ്ടികള്‍ സര്‍വീസ് ആരംഭിക്കുന്നു.

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ദീര്‍ഘ ദൂര ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം ആദ്യം വാരം സര്‍വീസ് നടത്തിയിരുന്നു. രണ്ട് ജനശദാബ്ദി എക്‌സ്പ്രസും വേണാട് എക്‌സ്പ്രസും സര്‍വീസ് ആരംഭിച്ചത്. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച്‌ വേണം യാത്ര ചെയ്യാന്‍.