ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുമായി ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സംഘര്‍ഷ രഹിത അന്തരീക്ഷവും അനിവാര്യമാണ്. അതുകൊണ്ട് തന്നെ സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ലഡാക്കിലെ അതിര്‍ത്തി വിഷയത്തില്‍ വെള്ളിയാഴ്ച നടന്ന ഇന്ത്യാ- ചൈന സൈനികതല ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മിലുള്ള ഉടമ്ബടി ആധാരമാക്കി പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച സൗഹാര്‍ദ പരമായിരുന്നുവെന്നും തര്‍ക്കം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ചുസ്ഹുല്‍ മോള്‍ഡോ പ്രദേശത്ത് വെച്ച്‌ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ച മൂന്നുമണിക്കൂറാണ് നീണ്ടുനിന്നത്. അതിര്‍ത്തര്‍ക്കം വഷളാക്കുന്ന രീതിയില്‍ കൂടുതല്‍ നടപടികള്‍ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. പ്രശ്‌നപരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെങ്കിലും അതിലേക്കുള്ള ആദ്യ പടിയാണിതെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.