കൊറോണ വൈറസിനെതിരായ വാക്സിന് വികസിപ്പിക്കുന്നതില്‍ വ്യാപൃതരാണ് ലോകമെമ്പാടുമുളള വൈദ്യശാസ്ത്ര ലോകം. ഇപ്പോള്‍ ബ്രട്ടിഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ അസ്ട്രാസെനെക്കാ തങ്ങളുടെ വാക്സിന് നിര്‍മിച്ചെടുക്കല്‍ ശേഷി ഇരട്ടിയാക്കി എന്നത് ലോകത്താകെ ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. ഇതിനായി അവര്‍ ബില്‍ ആന്‍ഡ് മെലിഡ ഗെയ്റ്റ്സ് ഫൗണ്ടേഷന് പിന്തുണയ്ക്കുന്ന രണ്ടു കമ്ബനികള്‍ അടക്കം നിരവധി കമ്ബനികളുടെ സഹായം സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഈ ഫാര്‍സ്യൂട്ടിക്കല്‍ ഭീമന് പറഞ്ഞത് തങ്ങള്‍ക്ക് 100 കോടി ഡോസ് ഉണ്ടാക്കിയെടുക്കാനാകും എന്നായിരുന്നു. ഇതിനായി തങ്ങള്‍ക്ക് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയുണ്ടെന്നും അസ്ട്രാസെനെക്കാ അറിയിച്ചിരുന്നു. കമ്പനി പുതിയതായി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അവര്‍ ഇന്ത്യന്‍ മരുന്നുല്‍പ്പാദന കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി നൂറു കോടി ഡോസ് ഉണ്ടാക്കിയെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞുവെന്നാണ്.
വാക്സിന് വികസനവും വിതരണവും ചെലവേറിയ കാര്യങ്ങളാണ്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ഒരു അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അറിയിച്ചത് ആദ്യകാലത്ത് തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്സിന് അമേരിക്കയിലെ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയ്ക്കുള്ളതാകണമെന്നില്ല എന്നാണ്.
എന്നാല്‍, സിറം കമ്പനി ഉണ്ടാക്കിയെടുക്കുന്ന വാക്സിന് ഡോസുകള്‍ കാശു കുറഞ്ഞ, അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ വിതരണത്തിനെത്തുമെന്നാണ് പറയുന്നത്. 2020 തീരുന്നതിനു മുന്‍പ് 40 കോടി ഡോസ് വാക്സിന് ഉണ്ടാക്കിയെടുക്കുമെന്നും അവര്‍ പറയുന്നു.
മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്സും ഭാര്യ മെലിന്‍ഡ ഗെയ്റ്റ്സും പിന്തുണയ്ക്കുന്ന രണ്ടു സ്ഥാപനങ്ങളുമായും അസ്ട്രാസെനെക്കാ 75 കോടി ഡോളറിനുള്ള കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. കോഅലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപെയര്‍ഡനെസ് ഇനവേഷന്‍സ് (സിഇപിഐ), ഗവിവാക്സിന്‍ അലയന്‍സ് എന്നീ കമ്പനികളാണ് അവ. ഈ കരാര്‍ പ്രകാരം 30 കോടി ഡോസ് വാക്സിന് നിര്‍മിച്ച് വേണ്ടിടത്ത് എത്തിക്കാന്‍ അസ്ട്രാസെനെക്കയ്ക്ക് സാധിക്കും. ഈ ഇടപാടുകള്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ വാക്സിന് ആദ്യകാലത്തു തന്നെ കുറച്ചെങ്കിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുമെന്നു കരുതുന്നു. ഇതിനര്‍ഥം ഏതെങ്കിലും വാക്സിന് കോവിഡ്-19 നെതിരെ കണ്ടെത്തിക്കഴിഞ്ഞു എന്നല്ല. പക്ഷേ, ഇക്കാലത്തു പോലും വാക്സിന് നിര്‍മാണ കമ്ബനികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ചില കമ്പനികളുടെ ഭാഗ്യവും തെളിയുകയായിരുന്നു. കഴിഞ്ഞ മാസം ബ്രിട്ടനിലെ ഏറ്റവും വലിയ കമ്ബനിയായി അസ്ട്രാസെനെക്കാ മാറിയിരുന്നു. റോയല്‍ ഡച്ച് ഷെല്‍ കമ്ബനിയെ മറികടന്നാണ് അവര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, തങ്ങളുണ്ടാക്കുന്ന വാക്സിന് ഒരു ലാഭവും എടുക്കാതെ ഉണ്ടാക്കി നല്‍കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് 30 കോടി ഡോസുകളും ബ്രിട്ടന് 10 കോടി ഡോസുകളും നല്‍കാമെന്ന് അവര്‍ ഇപ്പോള്‍ തന്നെ സമ്മതിച്ചു കഴിഞ്ഞിരിക്കുകയുമാണ്. വാക്സിന് വിജയകരമായി പരീക്ഷിക്കപ്പെട്ടാല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ആദ്യ ഡോസ് എത്തുമെന്നാണ് കരുതുന്നത്.



