ന്യൂഡല്‍ഹി: മനുഷ്യ ക്രൂരതയ്ക്ക് ഇരയായി ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം വന്‍ വിവാദത്തിലേയ്ക്ക്….. ആനയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിയ്ക്കുകയാണ്….
കാട്ടാനയുടെ കൊലപാതകത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ സംസ്ഥാന സര്‍ക്കരിനോട് വിശദീകരണം തേടി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേന്ദ്ര മന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
സംഭവത്തില്‍ ബിജെപി നേതാവും മൃഗാവകാശപ്രവര്‍ത്തകയുമായ മേനകാ ഗാന്ധിയും പ്രതികരിച്ചിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും, സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും മേനകാ ഗാന്ധി ട്വീറ്റ് ചെയ്തു
അതേസമയം, കേരള സൈലന്റ് വാലി ഫോറസ്റ്റില്‍ ഗര്‍ഭിണിയായ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ നാനാതുറകളില്‍പ്പെട്ടവരാണ് പ്രതികരണവുമായി മുന്നോട്ടു വന്നിരിയ്ക്കുന്നത്. സംഭവം രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അതേസമയം, കാട്ടുപന്നികളെ ഓടിക്കാന്‍ വെച്ച കെണിയിലാണ് ഗര്‍ഭിണിയായ ആന കുടുങ്ങിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പാലക്കാട് സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവം. മണ്ണാര്‍ക്കാടിന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കെണിയില്‍ കുടുങ്ങി ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകര്‍ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് വായില്‍ നിറയെ മുറിവുകളുണ്ടായി. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. മുഖത്തെ മുറിവില്‍ ഈച്ചയോ മറ്റു പ്രാണികാളോ വരാതിരിക്കാന്‍ വെള്ളത്തില്‍ തലതാഴ്ത്തി ദിവസങ്ങളോളം നില്‍ക്കുകയായിരുന്നു ആന. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്
മണ്ണാര്‍ക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനാണ് ഈ കൊടുംക്രൂരത ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ഉദരത്തില്‍ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിര്‍ഭരമായ കുറിപ്പ് വൈകാതെ തന്നെ വൈറലായി.