ന്യൂഡല്‍ഹി: കോവിഡ് അടുത്തഘട്ടത്തിലേക്ക് കടന്നുവെന്ന് വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ റിപ്പോര്‍ട്ട്. സമൂഹവ്യാപനഘട്ടത്തിലെത്തിയിട്ടില്ലെന്ന സര്‍ക്കാര്‍വാദത്തെ തള്ളിയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രോഗം ഭേദപ്പെടുത്തുന്ന അവസ്ഥ പ്രയോഗികമല്ലെന്നാണ് എയിംസിലെയും ഐ.സി.എം.ആറിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡ്ബാധിതര്‍ രണ്ടു ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. മരണസംഖ്യ അയ്യായിരം കടന്നു. ഈ സാഹചര്യത്തിലും രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കോവിഡ് ഏറെ സാരമായി ബാധിച്ച രാഷ്ട്രങ്ങളില്‍ ഇന്ത്യ ഏഴാമതാണുള്ളത്. ‘രോഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി പ്രതിരോധരംഗത്ത് പ്രവര്‍ത്തനപരിചയമുള്ളവരെ കൂടുതല്‍ ആശ്രയിക്കണമായിരുന്നു. അതിനുപകരം ഉദ്യോഗസ്ഥരുടെയും അക്കാദമിക് രംഗത്തുള്ളവരുടെയും ഉപദേശമാണു സ്വീകരിച്ചത്. രാജ്യം ഇപ്പോള്‍ അതിനു വിലകൊടുക്കുകയാണ്” റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യമായ നയങ്ങളായിരുന്നില്ല സര്‍ക്കാരിന്റേതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കോവിഡ്‌വ്യാപനം തടയാനാണ് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചത്. നാലാംഘട്ടത്തോടുകൂടി അതു സാധിച്ചെങ്കിലും ജനങ്ങളുടെയിടയിലും സാമ്ബത്തികരംഗത്തും അതു വലിയ പ്രത്യാഘാതമുണ്ടാക്കി. അടച്ചിടല്‍ കര്‍ശനമായിരുന്നെങ്കിലും മാര്‍ച്ച്‌ 25 മുതല്‍ മേയ് 24 വരെയുള്ള കാലയളവില്‍ രോഗികളുടെ എണ്ണം 606ല്‍നിന്ന് 1,38,845ലേക്ക് ഉയരുകയും ചെയ്തു. ഇപ്പോള്‍ രാജ്യം സമൂഹവ്യാപനമെന്ന അവസ്ഥയില്‍ എത്തി എന്നാണ് റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നത്.