രാജ്യം ഇന്ന് എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. തലസ്ഥാനത്തെ കർത്തവ്യ പഥിൽ നടക്കുന്ന വർണ്ണാഭമായ പരേഡിൽ ഇന്ത്യയുടെ ജനാധിപത്യ-സാംസ്കാരിക പൈതൃകവും സൈനിക കരുത്തും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി അനാവരണം ചെയ്യപ്പെട്ടു. സാംസ്കാരിക വൈവിധ്യം, സൈനിക ശക്തി, ജനാധിപത്യ മൂല്യങ്ങൾ എന്നിവയുടെ സമുജ്ജയമായിരുന്നു ഈ വർഷത്തെ പരേഡ്.
രാവിലെ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. റസീന ഹിൽസിൽ നിന്നും കാലാൾപ്പടയുടെ അകമ്പടിയോടെ രാഷ്ട്രപതി കർത്തവ്യ പഥിലേക്ക് എത്തി. തുടർന്ന് ദേശീയ പതാക ഉയർത്തി. യൂറോപ്യൻ യൂണിയന്റെ രണ്ട് ഉന്നത നേതാക്കളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി എത്തിയിട്ടുള്ളത്.
റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിൻ്റെ സൈനിക ശക്തിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ പരേഡിന് രാഷ്ട്രപതി അഭിവാദ്യമർപ്പിച്ചു. ഒരേസമയം മണ്ണിലും വിണ്ണിലും നടന്ന അഭ്യാസ പ്രകടനങ്ങൾ പരേഡ് കാണാനെത്തിയ പതിനായിരങ്ങളിൽ ആവേശമുണർത്തി. ഇന്ത്യൻ വ്യോമസേനയുടെ ഓപറേഷൻ സിന്ദൂർ പ്രത്യേക അഭ്യാസത്തിനും കാണികൾ സാക്ഷിയായി.



