തിരുവനന്തപുരം: എഴുപത്തിയഞ്ചിന്‍റെ നിറവിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കമല്‍ ഹാസന്‍, മോഹന്‍ലാല്‍, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയ രാഷ്ട്രീയ-കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്നു. കേരളമുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേരുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച മോദി അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്നു.

അടിയന്തരാവസ്ഥാകലത്ത് പിണറായി നേരിടേണ്ടി വന്ന ക്രൂരതയെ ഓര്‍മ്മിച്ചു കൊണ്ടായിരുന്നു കമല്‍ ഹാസന്‍ പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ‘രക്തംകലര്‍ന്ന ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച്‌ സംസാരിച്ചുകൊണ്ട് അന്നദ്ദേഹമൊരു കൊടുങ്കാറ്റായി. ഇന്ന് രാജ്യത്തിന് മുന്നില്‍ അദ്ദേഹം കേരളത്തിന്റെ യശസ്സുയര്‍ത്തി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കികൊണ്ട് മുഖ്യമന്ത്രി ഞങ്ങളെ സഹോദരങ്ങളെന്നു വിളിച്ചു. അതിര്‍ത്തി ഞങ്ങള്‍ക്കായി തുറന്നിട്ടു. ഞങ്ങളുടെ സഖാവ് പിണറായി വിജയന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍’- കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

പിണറായി വിജയന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രമുഖര്‍ പങ്കുവെച്ച സന്ദേശങ്ങള്‍ ഇങ്ങനെ

മോഹന്‍ലാല്‍

കേരളത്തിന്‍്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്‍്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

നിവിന്‍ പോളി

Wishing our honourable Chief Minister Shri Pinarayi Vijayan sir a happy birthday!

സി ദിവാകരന്‍ എംഎല്‍എ

കേരളത്തിന്റെ ആരാധ്യനായ ബഹു.മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്, ഞങ്ങളുടെ ക്യാപ്റ്റന് ഒരായിരം ജന്മദിനാശംസകള്‍

മുരളി തുമ്മാരുകുടി

യഥാര്‍ത്ഥ നേതൃത്വത്തിന്റെ ശക്തി.

“ഉത്തരവാദിത്തങ്ങള്‍ അവ ഏറ്റെടുക്കാന്‍ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തും (Responsibilities gravitate to the person who can shoulder them) എന്ന് പറഞ്ഞത് പത്തൊന്പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ എഴുത്തുകാരനും തത്വ ചിന്തകനുമായ എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡ് ആണ്.

പ്രളയകാലത്തും കൊറോണക്കാലത്തും നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ അടുത്തുനിന്നും അകലെ നിന്നും കാണുന്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഈ വരികളാണ്. “തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്നത്, നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്” എന്നൊക്കെ നാം ആലങ്കാരികമായി പറയുന്ന ദുരന്തങ്ങളും വെല്ലുവിളികളും ഒന്നിന് പുറകെ ഒന്നായി വരുന്പോഴും ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തികച്ചും ഉറപ്പുള്ള ചുമലുകളുമായി അദ്ദേഹം നമ്മെ നയിക്കുകയാണ്.

നമ്മുടെ സിവില്‍ സര്‍വ്വീസ് മുതല്‍ ആരോഗ്യ സംവിധാനം വരെ ഏറ്റവും ഒത്തൊരുമയോടെ, അവരും നമ്മളും ചിന്തിച്ചിരുന്നതിനും അപ്പുറം കാര്യക്ഷമതയോടെ, പ്രവര്‍ത്തിക്കുന്നത് നമ്മള്‍ കാണുന്നില്ലേ? വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനില്‍ അദ്ദേഹം വരാന്‍ ആളുകള്‍ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ ഇപ്പോള്‍ പതിവല്ലേ? ഇതൊക്കെയാണ് യഥാര്‍ത്ഥ നേതൃത്വത്തിന്റെ ശക്തി.

ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന നേതൃത്വമാണ് ഉണ്ടാകുന്നതെന്ന് തത്വങ്ങള്‍ ഉണ്ട്. അപ്പോള്‍ ഇത് നമ്മുടെ കൂടെ കഴിവാണെന്ന് വിശ്വസിക്കാം, കുഴപ്പമില്ല. വേണമെങ്കില്‍ ഈ ദുരന്തകാലത്ത് ഇങ്ങനെ ഒരു നേതൃത്വം ഉണ്ടാകാനുള്ള യോഗ്യത നമുക്കുണ്ടോ എന്ന് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ നമുക്ക് സ്വയം വിലയിരുത്താം.

എന്നിട്ട് അതിന്റെ ഉത്തരം എന്താണെങ്കിലും ഈ കൊറോണക്കാലത്ത് നമ്മുടെ നേതൃത്വത്തിന്റെ നിലവാരത്തോട് ഒത്തുനില്‍ക്കാന്‍ ശ്രമിക്കാം.

സമൂഹം ഒരു വെല്ലുവിളിയിലൂടെ കടന്നുപോകുന്ന കാലത്ത് എന്തായിരിക്കണം നേതൃത്വം എന്ന വിഷയത്തില്‍ എന്റെ പാഠപുസ്തകമായ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍!