ലണ്ടൻ: കിറ്റ്കാറ്റ് ചോക്ലേറ്റ് ശേഖരവുമായി പോയ ട്രക്ക് മോഷണം പോയെന്ന് കമ്പനി. മധ്യ ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോയ ട്രക്കാണ് മോഷണം പോയത്. വരാനിരിക്കുന്ന ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്.
12 ടൺ ഭാരമുള്ള ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്ക് മോഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ യൂറോപ്പിലെ വിപണികളിൽ കിറ്റ്കാറ്റിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് നെസ്ലേ മുന്നറിയിപ്പ് നൽകി.
മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി സംശയിക്കുന്നു. എന്നാൽ ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച് കോഡുകൾ ഉള്ളതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. സംശയാസ്പദമായ രീതിയിൽ ചോക്ലേറ്റ് ലഭിക്കുന്നവർ ബാർകോഡ് സ്കാൻ ചെയ്ത് വിവരമറിയിക്കണമെന്ന് കമ്പനി നിർദേശിച്ചു.



