അമേരിക്കന്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി മലയാളി കോടീശ്വരന്‍ രാജി തോമസ്. രാജിയുടെ കമ്പനി സ്പ്രിങഌറിന്റെ ഇപ്പോഴത്തെ ആസ്തി 37850 കോടി രൂപ. വീട്ടിലെ ഒറ്റമുറി ഓഫീസില്‍ നിന്നാരംഭിച്ച കമ്പനിയെ മലയാളികള്‍ക്കു നല്ല പരിചയമുണ്ട്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡേറ്റവിവാദവുമായി ബന്ധപ്പെട്ട് സ്പ്രിങഌറിന്റെ പേരും നിറഞ്ഞു നിന്നിരുന്നു. പൃഥ്വിരാജിന്റെ എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയ്ക്കും മലയാളികള്‍ക്ക് ഈ മാവേലിക്കര സ്വദേശിയെ പരിചയമുണ്ട്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി നിലവാരമനുസരിച്ച് 510 കോടി ഡോളര്‍ (ഏകദേശം 37,850 കോടി രൂപ) ആണ് കമ്പനിയുടെ മൂല്യം. ഇതില്‍ 125 കോടി ഡോളറിന്റെയെങ്കിലും (9,200 കോടി രൂപ) ഓഹരി രാജിയുടേതാണ്. വെറും 12 വര്‍ഷം കൊണ്ടാണ് സ്പ്രിന്‍ക്ലര്‍ ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരിവിലയില്‍ 28 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ആദ്യ പൊതു വില്‍പനയില്‍ (ഐപിഒ) ഓഹരിയൊന്നിന് 16 ഡോളറായിരുന്നു മൂല്യമെങ്കില്‍ ഇന്നലെയത് 20.54 ഡോളറായി.

ആമസോണ്‍, നൈക്കി, മൈക്രോസോഫ്റ്റ്, സിസ്‌കോ, ഹോണ്ട ഉള്‍പ്പെടെ വമ്പന്‍ കമ്പനികള്‍ സമൂഹമാധ്യമ വിലയിരുത്തല്‍, ഉപഭോക്തൃ പരിപാലനം എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കായി സ്പ്രിന്‍ക്ലര്‍ ഉപയോഗിക്കുന്നുണ്ട്. പോണ്ടിച്ചേരി എന്‍ജിനീയറിങ് കോളജില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷം 1996ല്‍ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ ജോലി ചെയ്യുന്നതിനിടെയാണ് രാജി തോമസ് യുഎസിലെത്തുന്നത്. എറ്റി ആന്‍ഡ് ടി, ബെല്‍ ലാബ്‌സ് എന്നിവയില്‍ കണ്‍സല്‍റ്റന്റായിരുന്നു. പിന്നീട് ബിഗ്ഫൂട് ഇന്ററാക്ടീവ് എന്ന ഇമെയില്‍ മാര്‍ക്കറ്റിങ് കമ്പനി തുടങ്ങി. ഇത് അലിയന്‍സ് ഡേറ്റ എന്ന കമ്പനി വാങ്ങിയതോടെ എപ്‌സിലോണ്‍ ഇന്ററാക്ടീവ് എന്നായി പേര്. 2008 വരെ എപ്‌സിലോണില്‍ തുടര്‍ന്ന ശേഷമാണ് 2009ല്‍ സ്പ്രിന്‍ക്ലര്‍ ആരംഭിക്കുന്നത്. സ്വന്തം വീടായിരുന്ന സ്പ്രിന്‍ക്ലറിന്റെ ആദ്യ ഓഫിസ്.