മല്ലിക സുകുമാരനെ പരിചയപ്പെടുത്താന്‍ വിശേഷണങ്ങള്‍ പലതുണ്ട്. മലയാളസിനിമയിലെ രണ്ടു നായകനടന്മാരുടെ അമ്മ എന്നതിലപ്പുറം പരാജയങ്ങളെ അഭിമുഖീകരിച്ച് ജീവിതത്തില്‍ വിജയം കൈവരിച്ച ഒരു സ്ത്രീയാണ്. സിനിമയിലും ബിസിനസിലും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയും സംരംഭകയുമാണ്.
പൃഥ്വിരാജിന്റെ സിനിമാപ്രവേശന ഓര്‍മ്മകള്‍ പങ്ക്വയ്ക്കുകയാണ് അമ്മ മല്ലിക സുകുമാരന്‍. സുകുമാരേട്ടന്റെ അപ്രതീക്ഷിത മരണത്തില്‍ നിന്ന് ഒരു ആറു മാസം കൊണ്ട് കരകയറിയത് സുകുമാരേട്ടന്റെ വാക്കുകള്‍ ഓര്‍ത്തിട്ട് തന്നെയായിരുന്നു. മക്കള്‍ നന്നായി പഠിക്കണം, നന്നായി ലോകം അറിഞ്ഞു വളരണമെന്ന് സുകുവേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ദ്രജിത്ത് ഡിസ്റ്റിംഗിഷനോട് കൂടി കംപ്യൂട്ടര്‍ എന്‍ജീനിറിംഗ് പാസായി.
അപ്പോഴാണ് പൃഥ്വി ആസ്ട്രേലിയയില്‍ ബാച്ചിലേര്‍സ് കോഴ്സ് ചെയ്യാന്‍ ഐഡിപി വഴി ട്രൈ ചെയ്യാം എന്ന് പറയുന്നത്.
ഇന്റര്‍വ്യൂവിന് രണ്ടാം റാങ്ക് നേടി, ആസ്ട്രേലിയയില്‍ പൃഥ്വി പഠനം ആരംഭിച്ചു. നാട്ടില്‍ രണ്ട് മാസം വന്നപ്പോഴാണ് നന്ദനത്തില്‍ അവസരം കിട്ടുന്നത്. അതിന് ശേഷം പോകാന്‍ കഴിയാത്തത് പോലെ ഒന്നിന് പിറകേ ഒന്നായി അവസരങ്ങള്‍ വന്ന് കൊണ്ടിരുന്നു.
അങ്ങനെ ഞാന്‍ അന്വേഷിച്ചപ്പോള്‍ 35 വയസിനുള്ളില്‍ ആ കോഴ്സ് ചെയ്യാന്‍ സാധിക്കുമെന്ന് അറിഞ്ഞു. അപ്പോള്‍ പൃഥ്വിയോട് രണ്ട് വര്‍ഷം സിനിമയില്‍ നോക്കാം എന്നിട്ട് പറ്റുന്നില്ലെങ്കില്‍ കോഴ്സ് ചെയ്യാം എന്ന് തീരുമാനിച്ചു.
ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിലെ പ്രേക്ഷകരുടെ പിന്തുണയും അവന്റെ അച്ഛന്റെ അനുഗ്രഹവും കൊണ്ട് അവന് വിജയിച്ചു.



