ന്യൂഡൽഹി: ഇന്ത്യയുടെ ആളില്ലാ പോർവിമാന (യുസിഎവി) ശേഷി വർദ്ധിപ്പിക്കുന്നതിനായി നാല് ഘാതക് ഡ്രോൺ സ്ക്വാഡ്രണുകൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അനുമതി നൽകി. ഡിആർഡിഒയുടെ (ഡിആർഡിഓ) എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിക്കുന്ന ഈ ഡ്രോണുകൾക്ക് ‘റിമോട്ട്ലി പൈലറ്റഡ് സ്ട്രൈക്ക് എയർക്രാഫ്റ്റ്’ (ആർപിഎസ്എ) എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. ഓരോ സ്ക്വാഡ്രണിലും 16-18 ഡ്രോണുകൾ വീതം ആകെ 60 മുതൽ 80 വരെ ഘാതക് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതിക്കായി ഏകദേശം 30,000 കോടി രൂപയിലധികം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാർഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനയും പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താനും ആളില്ലാ യുദ്ധവിമാനങ്ങൾ വിന്യസിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇന്ത്യ ഘാതക് പദ്ധതി വേഗത്തിലാക്കുന്നത്. ചൈന സ്വന്തമായി വികസിപ്പിച്ച ആളില്ലാ സ്റ്റെൽത്ത് യുദ്ധവിമാനമായ ജിജെ-11 ആണ് യഥാർഥ നിയന്ത്രണ രേഖ ( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) യോട് ചേർന്ന് വിന്യസിച്ചിരിക്കുന്നത്. പാകിസ്താനാകട്ടെ തുർക്കിയിൽ നിന്ന് വാങ്ങിയ ബൈറാക്തർ അകിൻസി ഡ്രോണുകളെയാണ് ഇന്ത്യയ്ക്കെതിരെ വിന്യസിക്കുന്നത്. ഇവയെ നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന ആളില്ലാ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമായി വരിക. ഈ പശ്ചാത്തലത്തിലാണ് ഏറെക്കാലമായി സാവധാനത്തിൽ പോയിരുന്ന ഘാതക് പദ്ധതി ഗതിവേഗം കൈവരിക്കുന്നത്.
ശത്രുവിന്റെ റഡാറുകളെ വെട്ടിക്കാൻ സഹായിക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യയും ആയുധങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു വെക്കാനുള്ള സംവിധാനവും ഉള്ള വിമാനമാണ് ഘാതക്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ഹെറോൺ ടിപി, സെർച്ചർ എംകെ-2 (Searcher Mk II) ഡ്രോണുകൾക്ക് സ്റ്റെൽത്ത് ശേഷിയില്ലാത്തത് വലിയൊരു പരിമിതിയായിരുന്നു. ഈ പ്രതിസന്ധി ഘാതക് വരുന്നതോടെ ഇല്ലാതാകും.
ജിടിആർഇ വികസിപ്പിച്ച കാവേരി എഞ്ചിൻ കരുത്തുപകരുന്ന ഈ ഡ്രോണുകൾക്ക് 1,000 കിലോമീറ്ററിലധികം ദൂരപരിധിയിൽ കൃത്യതയോടെ ആക്രമണം നടത്താൻ സാധിക്കും. നാല് സ്ക്വാഡ്രണുകളിൽ രണ്ടെണ്ണം ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖ കൈകാര്യം ചെയ്യുന്ന ഈസ്റ്റേൺ എയർ കമാൻഡിലും, ഒന്ന് പാകിസ്താൻ അതിർത്തിയിലുള്ള വെസ്റ്റേൺ കമാൻഡിലും, മറ്റൊന്ന് സമുദ്ര സുരക്ഷയ്ക്കായി സതേൺ കമാൻഡിലും വിന്യസിക്കും.
ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് (ടിഎഎസ്എൽ) അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) എന്നിവയുമായി സഹകരിച്ചാകും ഇതിന്റെ നിർമ്മാണം നടക്കുക. 2030-32 കാലയളവിൽ ഇവ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഘാതകിന്റെ ഫ്ലൈയിങ് വിങ് ഡെമോൺസ്ട്രേറ്റർ പരീക്ഷണം 2024ൽ നടന്നിരുന്നു. ഇത് വിജയിച്ചതോടെയാണ് ഘാതക് പദ്ധതിക്ക് വേഗമേറിയത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് വലിയ കരുത്തേകുന്ന ഈ നീക്കം ഇന്ത്യയെ ആഗോള ഡ്രോൺ നിർമ്മാണ രംഗത്ത് മുൻനിരയിലെത്തിക്കും.



