കഴിഞ്ഞ ആഴ്ച തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (B&B) ഹോട്ടലിലുണ്ടായ വിനാശകരമായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ സ്ഥാപനത്തിന്റെ ലൈസൻസ്, ദൈനംദിന പ്രവർത്തനങ്ങൾ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. 22 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ജൂൺ മൂന്നിന് ഹൗസ് റാണിയിലെ ‘ഫ്ലറിഷ് സ്റ്റേയ്‌സ്’ ഹോട്ടലിലുണ്ടായ തീപിടിത്തം അടുത്ത കാലത്തായി രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഹോട്ടൽ ദുരന്തങ്ങളിലൊന്നാണ്. ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 21 ആയിരുന്നു. എന്നാൽ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒകാലെ എന്ന നൈജീരിയൻ പൗരൻ മരിച്ചതിനെ തുടർന്ന് മരണസംഖ്യ 22 ആയി ഉയർന്നു. ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെയും പാചകക്കാരൻ കേശവ് നേഗിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്കൗണ്ടന്റ് ജയ് മിശ്ര അടുത്തിടെ ഡൽഹി കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു.
അന്വേഷണത്തിൽ ഹോട്ടലിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉടമയായ ബജാജിന്റെ നിർദ്ദേശപ്രകാരമാണ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ലൈസൻസ് എടുക്കുന്നതിനായി തന്റെ വ്യക്തിഗത രേഖകൾ നൽകിയതെന്ന് മിശ്ര സമ്മതിച്ചു. എന്നാൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയത് ഉടമ തന്നെയാണ്. ഈ വെളിപ്പെടുത്തലോടെ, കെട്ടിടത്തിന്റെയും ബിസിനസ്സിന്റെയും യഥാർത്ഥ ഉടമ ബജാജ് ആയിരുന്നിട്ടും എങ്ങനെയാണ് ഒരു ജീവനക്കാരന്റെ പേരിൽ ലൈസൻസ് അനുവദിച്ചതെന്ന് പോലീസ് സൂക്ഷ്മമമായി പരിശോധിക്കുന്നുണ്ട്. അനുമതി നൽകിയതിൽ എന്തെങ്കിലും ക്രമക്കേടുകളോ ഒത്തുകളിയോ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ബജാജിന്റെ ദീർഘകാല സഹപ്രവർത്തകനായ മിശ്ര ഹോട്ടലിന്റെ പ്രവർത്തനങ്ങളിൽ ഗണ്യമായ നിയന്ത്രണം ചെലുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരെ നിയമിക്കുന്നതും അതിഥികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതും ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും മിശ്രയുടെ മേൽനോട്ടത്തിലായിരുന്നു. ലൈസൻസുമായി ബന്ധപ്പെട്ട രേഖകളും നോക്കിയിരുന്നതും മിശ്ര തന്നെയാണെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തിൽ ഇതിനകം തന്നെ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, പാചകക്കാരൻ ചായ തയ്യാറാക്കുന്നതിനിടെ എണ്ണ അടങ്ങിയ ഫ്രയർ ഓണാക്കിയ ശേഷമാണ് തീ പടർന്നത്. ഫ്രയർ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന കാര്യം താൻ മറന്നുപോയതായി പാചകക്കാരൻ സമ്മതിച്ചിട്ടുണ്ട്. എണ്ണ അമിതമായി ചൂടായി തീപിടിച്ചതോടെ, ഹോട്ടലിൽ സൂക്ഷിച്ച കാർട്ടൺ പെട്ടികൾ ഉൾപ്പെടെയുള്ള എളുപ്പം തീപിടിക്കുന്ന വസ്തുക്കളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
തീപിടിത്തമുണ്ടായി അടിയന്തര സന്ദേശം നൽകുന്നതിന് 30 മിനുട്ടോളം വൈകിയത് അന്വേഷണ ഉദ്യോഗസ്ഥർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ജീവനക്കാർ സ്വന്തം നിലയിൽ തീ അണയ്ക്കാൻ ശ്രമിച്ചതിലൂടെ നിർണ്ണായകമായ സമയം നഷ്ടപ്പെട്ടതായി പോലീസ് കരുതുന്നു. തീ നിയന്ത്രണവിധേയമാക്കാൻ കഴിയാതെ വന്നതോടെ പാചകക്കാരൻ ഹോട്ടലിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഹോട്ടൽ മാനേജരായ രൂപേഷ് എന്ന രാകേഷ് ഇപ്പോഴും ഒളിവിലാണ്.



