ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ചൈന വലിയ വില നല്‍കേണ്ടി വന്നിരിക്കാമെന്ന് കേന്ദ്രമന്ത്രി ജന. വി.കെ സിംഗ്. ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചെങ്കില്‍ അതിന്റെ ഇരട്ടി സൈനികരെ ചൈനക്ക് നഷ്ടമായിട്ടുണ്ടാകാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികര്‍ ചൈനക്ക് നഷ്ടമായി. എന്നാല്‍ അവര്‍ ഇക്കാര്യം മറച്ചു വെക്കുകയാണ്. 1962 ലെ യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍പ്പോലും അംഗീകരിക്കാത്തവരാണ് ചൈനയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഗല്‍വാനില്‍ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും വി കെ സിംഗ് വെളിപ്പെടുത്തി. ഗാല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍, തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടു എന്ന് വ്യക്തമാക്കാന്‍ ചൈനീസ് പട്ടാളമോ സര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല. കമാന്‍ഡിംഗ് റാങ്കിലുള്ള സൈനികനടക്കം 35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

1962 മുതല്‍ ഗാല്‍വന്‍ താഴ്‌വരയുടെ ചില ഭാഗങ്ങള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. ഇതിനു സമാനമായി താഴ്‌വരയുടെ ചില ഭാഗങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുമാണ്. എന്നാല്‍, ഇന്ത്യയുടെ കൈവശമുള്ള ഭൂമി ഇപ്പോഴും ഇന്ത്യയുടേത് തന്നെയാണെന്ന് വി.കെ സിംഗ് വ്യക്തമാക്കി.