ബെംഗളൂരു: കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ റഷ്യൻ യുവതിയും രണ്ടു പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിങ്ങിനിടെ, ഗോകർണ പൊലീസാണ് മൂന്നു പേരെയും വനത്തിനുള്ളിൽ കണ്ടെത്തിയത്. ജൂലൈ 9 ന് വൈകിട്ട് 5 മണിയോടെ, ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ രാമതീർഥ കുന്നിൻ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം വെളിച്ചത്തുവന്നത്.
വനത്തിൽ പട്രോളിങ് നടത്തുന്നതിനിടെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുഹയ്ക്ക് സമീപം മനുഷ്യരുടെ ചലനം പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. അന്വേഷണത്തിൽ റഷ്യൻ വംശജയായ നീന കുട്ടിന (40), അവരുടെ രണ്ടു പെൺമക്കൾ പ്രേമ (6), അമ (4) എന്നിവരോടൊപ്പം ഗുഹയ്ക്കുള്ളിൽ താമസിക്കുന്നതായി കണ്ടെത്തി.
ഗോവയിൽനിന്ന് ഗോകർണയിലേക്ക് ആത്മീയ ഏകാന്തത തേടിയാണ് താൻ യാത്ര ചെയ്തതെന്ന് നീന പൊലീസിനോട് പറഞ്ഞു. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടാനാണ് താൻ ഗുഹയിൽ താമസിച്ചതെന്നും നീന പറഞ്ഞു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീർഥ കുന്നിൽ കഴിഞ്ഞ ജൂലൈയിൽ വലിയ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകടകരമായ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇത്.
നീനയെ അപകടങ്ങളെക്കുറിച്ച് അറിയിച്ച ശേഷം, പൊലീസ് സംഘം കുടുംബത്തെ വിജയകരമായി രക്ഷപ്പെടുത്തി കുന്നിന്റെ താഴെയിറക്കി. യുവതിയുടെ അഭ്യർഥനപ്രകാരം, കുംത താലൂക്കിലെ ബങ്കികോഡ്‌ല ഗ്രാമത്തിൽ 80 വയസ്സുള്ള വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ആശ്രമത്തിലേക്ക് ഇവരെ മാറ്റി.