തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിമു മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെക്കോഡ് തുകക്ക് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപ അടിസ്ഥാന വിലയിൽ ലേലത്തിനെത്തിയ സഞ്ജുവിനെ 26.80 ലക്ഷത്തിനാണ് ബ്ലൂ ടൈഗേഴ്സ് ക്യാമ്പിലെത്തിച്ചത്. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കൊച്ചിയുടെ വലിയ തുകയ്ക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു. സഞ്ജുവിന്റെ ആദ്യ കെ.സി.എല്‍ സീസണാണിത്.

അഞ്ച് ലക്ഷത്തില്‍ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. 25 ലക്ഷം ഓഫര്‍ ചെയ്ത് തൃശൂര്‍ ടൈറ്റന്‍സ് താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷംരൂപക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. കെ.സിഎ.ൽ ആദ്യ സീസണിൽ സഞ്ജു കളിച്ചിരുന്നില്ല. അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയിലേഴ്‌സ് സ്വന്തമാക്കി.

ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. പേസര്‍ ബേസില്‍ തമ്പി തിരുവനന്തപുരം റോയല്‍സിന് വേണ്ടി കളിക്കും. 8.4 ലക്ഷത്തിലാണ് ബേസില്‍ തിരുവനന്തപുരം ടീമിലെത്തിയത്. ഷോണ്‍ റോജര്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. സിജോമോന്‍ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്. വിനൂപ് മനോഹരനെ മൂന്ന് ലക്ഷത്തിന് കൊച്ചി സ്വന്തമാക്കി. എം.എസ്. അഖിലിനെ 8.40 ലക്ഷം മടക്കി കൊല്ലം ടീമിലെത്തിച്ചു. അഭിജിത് പ്രവീണ്‍ 4.20 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സിലെത്തി.