ബെര്‍ലിന്‍ : ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ – വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇവിടുത്തെ ഒരു മീറ്റ്പാക്കിംഗ് പ്ലാന്റില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവിടുത്തെ 1,500 ലേറെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും. ജര്‍മനിയില്‍ മേയ് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കി വരികയായിരുന്നു. ഇതിനിടെയില്‍ ഇതാദ്യമായാണ് രാജ്യത്ത് ഒരു പ്രദേശത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ച രാജ്യങ്ങളില്‍ ഒന്നായ ജര്‍മനിയ്ക്ക് പുതിയ രോഗ ബാധിതര്‍ ഉണ്ടാകുന്നത് വെല്ലുവിളിയാകുകയാണ്. ഇതോടെ രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.
റൈന്‍ – വെസ്റ്റ്ഫാലിയയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ടോണീസ് മീറ്റ് പാക്കിംഗ് പ്ലാന്റാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള കടകളെല്ലാം അടഞ്ഞു കിടക്കും. മീറ്റ് പാക്കിംഗ് പ്ലാന്റിലെ ജീവനക്കാരെയെല്ലാം ക്വാറന്റൈനില്‍ ആക്കിയിരിക്കുകയാണ്. അതേ സമയം, ഇവിടെ മീറ്റ് പാക്കിംഗ് പ്ലാന്റുമായി യാതൊരു ബന്ധവുമില്ലാത്ത 24 പ്രദേശവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നിലവില്‍ 192,119 പേര്‍ക്കാണ് ജര്‍മനിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. 8,969 പേര്‍ മരിച്ചു.