കോര ചെറിയാന്‍
ഫിലാഡല്‍ഫിയ, യു.എസ്.എ. : 195 ലോകരാഷ്ട്രങ്ങളില്‍ 44 രാജ്യങ്ങളുടെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നേഴ്‌സസിന്റെ ഒക്‌ടോബര്‍ 28, 2020-ലെ റിപ്പോര്‍ട്ടിന്‍പ്രകാരം 1500-ലധികം നേഴ്‌സുമാരും 20,000-ല്‍ലധികം ആരോഗ്യപ്രവര്‍ത്തകരും കോവിഡ്-19 ന്റെ ക്രൂരതയില്‍ ദാരുണമായി നിത്യനിദ്രയിലായി. ആഗോള കോവിഡ്-19 രോഗികളില്‍ 10 ശതമാനം വിവിധ തലത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെന്നു ഐ.സി.എന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹോവാര്‍ഡ് കോട്ടണ്‍ പറയുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ കൊല്ലപ്പെട്ട നേഴ്‌സുകളിലുമധികം കൊറോണ വൈറസ് പകര്‍ച്ചവ്യാധിമൂലം അതിവേദനയോടെ അന്ത്യയാത്രയിലായി. സുദീര്‍ഘമായ പഠനാനന്തരം സമ്പൂര്‍ണ്ണ സഹതാപത്തോടും ത്യാഗമനസ്‌കതയോടും കൂടി യൗവനത്വത്തിന്റെ പ്രസരിപ്പില്‍ പ്രവേശിക്കുന്ന നേഴ്‌സിംങ് പ്രൊഫഷന്റെ പ്രത്യേകതകളും പ്രത്യാഘാധങ്ങളും ലോകജനത ഇപ്പോള്‍ ആദരവോടെ അംഗീകരിയ്ക്കുന്നു.


അനേകായിരം നേഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിയ്ക്കുന്നതിനുള്ള കാരണം തികച്ചും അശ്രദ്ധമൂലമല്ല. ലോകത്തിലെ ഏറ്റവും സമ്പന്നവും വ്യക്തി സ്വാതന്ത്ര്യവുമുള്ള അമേരിയ്ക്കയിലെപോലും ചില ആശുപത്രികളിലും നേഴ്‌സിംങ് ഹോമുകളിലും ഒരു കാലഘട്ടം സ്വയരക്ഷയ്ക്കുവേണ്ടിയുള്ള പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റ്‌സ് ആവശ്യാനുസരണം കൊടുത്തിരുന്നില്ല. ഈ വര്‍ഷം ഏപ്രില്‍മാസ തുടക്കത്തില്‍ സൗത്ത് ബോംബയിലെ വോക്ഹാര്‍ഡറ്റ് ആശുപത്രിയിലെ 40 മലയാളി നേഴ്‌സുമാര്‍ കോവിഡ്-19 രോഗികളെ പ്രോപ്പര്‍ സെല്‍ഫ് പ്രൊട്ടക്ഷന്‍ ഇല്ലാതെ പരിചരിച്ചതിനെ തുടര്‍ന്ന് മഹാരോഗം ബാധിച്ചനുഭവിച്ച യാതനകള്‍ ഒരിയ്ക്കലും മലയാളികള്‍ മറക്കുകയില്ല. ആശുപത്രി അധികൃതരോട് ത്യാഗമതികളും ധര്‍മ്മാനുഷ്ഠിതരുമായ നേഴ്‌സുകള്‍ മാസ്‌ക്ക്, ഗ്ലൗസ്, ഗൗണ്‍ തുടങ്ങി അത്യധികം ആവശ്യമായ കൊറോണ വൈറസ് പ്രതിരോധ സാധനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പരിഹാസപൂര്‍വ്വം നിരസിച്ചു. സമാനമായ ഇതേഭാവത്തിലും മട്ടിലുമുള്ള പ്രതികരണങ്ങളാണ് ദരിദ്രരാജ്യങ്ങളിലും സമ്പന്ന രാജ്യങ്ങളിലുമുള്ള ചില ആശുപത്രി അധികൃതരില്‍നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിച്ചറിയുന്നത്.

കോവിഡ്-19 രോഗികള്‍ ശ്വസനശക്തി ക്ഷയിച്ചും വിവിധ ശാരീരിക ക്ലേശങ്ങളാല്‍ അതിവേദന അനുഭവിച്ചും പ്രാണരക്ഷാര്‍ത്ഥം വിലപിക്കുമ്പോള്‍ ധര്‍മ്മബോധമുള്ള നേഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും അറിയാതെ, സ്വയംകരുതല്‍ ഇല്ലാതെ രോഗിയുടെ സമീപത്തേയ്ക്ക് ഓടി എത്തുന്നത് മാനസീക ദൗര്‍ബല്ല്യത്താല്‍ അല്ല. വെറും മനുഷ്യത്വം. വ്യക്തിപരമായും ഔദ്യോഗികമായും സ്വയസംരക്ഷണം കൈകൊള്ളണമെന്നുള്ള മുന്നറിയിപ്പുകള്‍ അറിയാതെ അവഗണിയ്ക്കപ്പെടുന്നു.
2020 മാര്‍ച്ച് മാസതുടക്കത്തിലെ ഇന്ത്യന്‍ നേഴ്‌സിംങ് കൗണ്‍സില്‍ വിജ്ഞാപനപ്രകാരവും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിശദ റിപ്പോര്‍ട്ടാനുസരണവും 30,70,000-ലധികം നേഴ്‌സുമാര്‍ ഇന്ത്യയില്‍ ഉണ്ട്. കേരളാ സ്റ്റേറ്റ് നേഴ്‌സിംങ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്‍പ്രകാരം ബഹുഭൂരിഭാഗമായ 18 ലക്ഷത്തിലധികം നേഴ്‌സുമാരും കേരളീയരാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളടക്കം വിശാല പ്രപഞ്ചത്തിലെ വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി സ്വന്തം കര്‍ത്തവ്യനിര്‍വ്വഹണം മലയാളി മക്കള്‍ സസന്തോഷം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് സകല ഭാരതീയര്‍ക്കും അഭിമാനമാണ്. കൊറോണ വൈറസിന്റെ ഭീകരത ഏത് സമയത്തും രക്തരക്ഷസ്സ് ആയി എത്തി നിഗ്രഹിക്കുമെന്ന പരിഭ്രാന്തി ആരോഗ്യപ്രവര്‍ത്തകരില്‍ അനുദിനം വര്‍ദ്ധിയ്ക്കുന്നു. ആഗോളതലത്തില്‍ 1500 ലധികം മൃതിയടഞ്ഞ നേഴ്‌സ് സമൂഹത്തില്‍ എത്ര മലയാളി വനിതകള്‍ ചുടലപറമ്പില്‍ ആരും അറിയാതെ അപ്രത്യക്ഷരായി എന്ന് ഇപ്പോള്‍ അവ്യക്തമാണ്. മാനവ സമൂഹത്തെ നേഴ്‌സിംങ് പ്രൊഫഷന്റെ മാനവും മഹത്വവും മനസ്സലിവും മനസിലാക്കിയ യുവതിയായ ഫ്‌ളോറന്‍സ് നൈറ്റിംഗെയിലിന്റെ 200-ാം ജന്മദിനമായിരുന്നു കഴിഞ്ഞ മെയ് മാസം 12. 1853 ഒക്‌ടോബറില്‍ ആരംഭിച്ചു 1856 ഫെബ്രുവരിയില്‍ കെട്ടടങ്ങിയ ക്രിമിയന്‍ യുദ്ധത്തില്‍ മുറിവേറ്റു വേദനയോടെ പിടയുന്ന പട്ടാളക്കാരെ ശുശ്രൂഷിക്കുവാന്‍ വേണ്ടി ത്യാഗമതിയും ധനാഠ്യയുമായ ഫ്‌ളോറന്‍സ് വെളുത്ത തൊപ്പിയോടുകൂടിയ യൂണിഫോം സ്വയമായി ധരിച്ചു ആതുരപരിപാലനത്തിലും ശുശ്രൂഷയ്ക്കും തുടക്കമിട്ടു. ഓട്ടോമേന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഗള്‍ഫ് പ്രദേശങ്ങളിലെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ മേലുള്ള പീഡനങ്ങള്‍ ഒഴിവാക്കാനും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടി റഷ്യയും സഖ്യരാജ്യങ്ങളായ ഫ്രാന്‍സ്, സാര്‍ഡിനിയ, ഇംഗ്ലണ്ടുമായി നടന്ന ക്രിമിയന്‍ യുദ്ധക്കെടുതികള്‍ ഇപ്പോഴും ചില ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതിയോടെ സ്മരിക്കുന്നു..

മലയാളി മഹിളകളുടെ നേഴ്‌സിംഗ് പ്രൊഫഷനോടുള്ള ആകൃഷ്ടതയും ആദരവും അഭിനന്ദനീയമാണ്. കേരളത്തില്‍ ഏകദേശം ആറായിരത്തില്‍പ്പരം നേഴ്‌സിംഗ് സ്‌കൂള്‍ അഡ്മിഷനുവേണ്ടി 62000-ത്തിലധികം അപേക്ഷകള്‍ സ്വീകരിച്ചതായി അറിയപ്പെടുന്നു. രോഗികളോടുള്ള സഹാനുഭൂതിയോടൊപ്പം സാമ്പത്തിക നേട്ടങ്ങളും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള കൂടുതല്‍ അവസരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങാതെ മനസ്സിലുണ്ട്.
കോര ചെറിയാന്‍