വാഷിംഗ്ടണ്‍: കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി. മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍ എയര്‍ക്രാഫ്റ്റ് കാരിയറുകളും കൊറോണ വൈറസ് ബാധിച്ചു. അടുത്തിടെ അമേരിക്കന്‍ വിമാനമായ യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റിന്റെ നാലായിരം നാവികരെ ഗുവാമിലേക്ക് കൊണ്ടുപോയി. അവരില്‍ നൂറു കണക്കിന് നാവികര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
യുഎസ് പ്രതിരോധ മന്ത്രാലയം പെന്റഗണിന്റെ കണക്കനുസരിച്ച് 3,000 സൈനികര്‍ക്ക് കൊറോണ പോസിറ്റീവ് ആണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ എണ്ണം ഇരട്ടിയായി. യുഎസിനകത്തും പുറത്തുമുള്ള സൈനിക താവളങ്ങളില്‍ വൈറസ് അതിവേഗം പടരുന്നു എന്നതാണ് അവസ്ഥ. ഇക്കാരണത്താല്‍, യുഎസ് സൈന്യത്തിന്റെ അനിവാര്യമായ എല്ലാ നീക്കങ്ങളും നിര്‍ത്തി വെച്ചു. ഇതിനുപുറമെ, സൈനികരുടെ പരിശീലനവും നിയമനവും താത്ക്കാലികമായി നിര്‍ത്തി. കൊറോണ വൈറസ് യുഎസ് നാവികസേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കുകയാണ്. കരസേനയും വ്യോമസേനയും വൈറസിന്റെ പിടിയിലായിരിക്കുകയാണ്.
സാന്‍ ഡിയാഗോ, നോര്‍ഫോക്ക്, വിര്‍ജീനിയ, ജാക്സണ്‍വില്ലെ, ഫ്ലോറിഡ, ടെക്സസ് എന്നീ നാവിക താവളങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധി. മെരിലാന്‍ഡിലെ വ്യോമസേനാ വിമാനത്താവളത്തില്‍ നിരവധി സൈനികര്‍ ചികിത്സയിലാണ്. അതേസമയം, കരസേനയുടെ സൗത്ത് കരോലിനയിലെ താവളങ്ങളും കൊറോണയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്.
സൈന്യങ്ങളില്‍ മാത്രമല്ല കൊവിഡ്-19 യുഎസിലെ മിക്ക ആണവായുധ കേന്ദ്രങ്ങളിലും എത്തിയിട്ടുണ്ടെന്ന് ലോകമെമ്പാടുമുള്ള ആയുധ നിരീക്ഷണ സംഘടനയായ സിപ്രി (SIPRI) യിലെ ശാസ്ത്രജ്ഞനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ പറഞ്ഞു. ആണവായുധ താവളങ്ങളില്‍ എത്തുന്ന കൊറോണ വൈറസ് ലോകത്തിന് വളരെ അപകടകരമായ ലക്ഷണമാണെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. എന്നിരുന്നാലും, അമേരിക്കന്‍ ആണവ ബോംബുകളുടെ സുരക്ഷ ലോകത്തിലെ ഏറ്റവും മികച്ചതായാണ് കണക്കാക്കപ്പെടുന്നത്.
വാസ്തവത്തില്‍, ലോകത്തിലെ വന്‍ ശക്തിയായ അമേരിക്കയുടെ കൈയ്യില്‍ 3800 ആണവായുധങ്ങളുണ്ട്. ഈ ആറ്റോമിക് ബോംബുകള്‍ക്ക് ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഈ ആണവായുധങ്ങള്‍ വഹിക്കാന്‍ യുഎസിന് 800 മിസൈലുകളുമുണ്ട്. ഈ മിസൈലുകള്‍ക്ക് ലോകത്തിലെ ഏത് നഗരത്തെയും കണ്ണു ചിമ്മി തുറക്കുന്നതിനു മുന്‍പ് നശിപ്പിക്കാന്‍ കഴിയും. 1750 ആണവ ബോംബുകള്‍ മിസൈലുകളിലും ബോംബറുകളിലും യുഎസ് വിന്യസിച്ചിട്ടുണ്ടെന്ന് SIPRI പറയുന്നു. ഇതില്‍ 150 ആണവ ബോംബുകള്‍ യൂറോപ്പില്‍ വിന്യസിച്ചിട്ടുണ്ട്. റഷ്യയെ നിരീക്ഷിക്കാനാണത്.