തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന് തുടക്കമായി. ഗാര്‍ഹികപീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതു ഇടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ടിന് രൂപംനല്കിയത്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം ബസുകളിലും സ്കൂള്‍, കോളേജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ബസ് സ്റ്റോപ്പുകളിലും സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്ട്രോള് റൂം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.
പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ക്കായി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും. സമൂഹവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്സംഘമായ പിങ്ക് റോമിയോയും നിലവില്‍വന്നു. പൊലീസ് ആസ്ഥാനത്തിനുമുന്നില്, പിങ്ക് പട്രോള്സംഘങ്ങള്ക്കു നല്കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. 10 കാറുകള്‍, 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്.



