ഫോര്‍ട്ട് ബെന്‍ കൗണ്ടി: സിയന്ന പ്ലാന്റേഷന്‍ സബ്ഡിവിഷനില്‍ വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഒരു വെടിവയ്പില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡെപ്യൂട്ടി കോണ്‍സ്റ്റബിള്‍ മരിച്ചു. പുലര്‍ച്ചെ 1:40 ഓടെയായിരുന്നു സംഭവം. ചെസ്റ്റ്‌നട്ട് ബെന്‍ഡിലെ 3900 ബ്ലോക്കിലെ ഒരു വീട്ടില്‍ നിന്നും ആരോ ഓടുന്നത് കണ്ടതായി ഒരു അയല്‍ക്കാരന്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയതെന്നു ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഷെരീഫ് ട്രോയ് നെഹ്‌സ് പറഞ്ഞു.

തുടര്‍ന്ന്, വീട് പരിശോധിക്കുന്നതിനിടയില്‍ ആരോ വീടിനുള്ളില്‍ പതുങ്ങിയിരിക്കുന്നുണ്ടെന്നു തോന്നിയതിനെത്തുടര്‍ന്ന് ആയുധം പ്രയോഗിക്കുകയായിരുന്നുവത്രേ. എന്നാല്‍, ഇരുട്ടില്‍ നടന്ന വെടിവെപ്പില്‍ പോലീസില്‍ നിന്നു തന്നെയുള്ള വെടിയേറ്റാണ് ഡെപ്യൂട്ടി കോണ്‍സ്റ്റബിള്‍ കാലെബ് റൂളിനു പരിക്കേറ്റത്. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിരുന്നുവെങ്കിലും റൂളിന്റെ നെഞ്ചിലെ പരിക്കു ഗുരുതരമായിരുന്നു. ഉടന്‍ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവം തികച്ചും ആകസ്മികമാണെന്നാണ് അധികൃതര്‍ പറയുന്നത്.