കോവിഡ് കത്തിപ്പടര്‍ന്ന അമേരിക്കയില്‍ ആതുരസേവനത്തിന്റെ മുന്‍നിരയില്‍ മലയാളിയായ ഡോ.സി. ജോസിലിന്‍. ഫിലാഡൽഫിയ ടെമ്പിൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ബഥനി സന്യാസിനീ സമൂഹാംഗമാണ്‌ സിസ്റ്റർ ഡോ. ജോസിലിൻ ഇടത്തിൽ. കൊറോണ പടർന്നുപിടിച്ചുതുടങ്ങിയ മാർച്ചു മുതൽ രോഗബാധിതരെ ശുശ്രൂഷിക്കാൻ സിസ്റ്റർ ജോസിലിൻ ആശുപത്രിയിലുണ്ട്, അധരത്തിൽ ദൈവസ്തുതിയും കൈയിൽ സ്‌തെതസ്‌ക്കോപ്പുമായി.

സന്യാസ വസ്ത്രവും കുരിശും ധരിച്ച് രോഗികളെ ശുശ്രൂഷിക്കുമ്പോൾ തന്റെ ക്രൈസ്തവ വിശ്വാസവും അതിന്റെ നന്മകളും പരസ്യമായി ലോകത്തോട് പ്രഖ്യാപിക്കാൻ സാധിക്കുന്നുണ്ടെന്ന് സിസ്റ്റർ ജോസിലിൻ ഇടത്തിൽ പറഞ്ഞു. ജീവൻ തന്നെ അപകടത്തിലാകുന്ന ഈ സാഹചര്യത്തിൽ എങ്ങനെ ഇത്ര ധൈര്യത്തോടെ ശുശ്രൂഷ ചെയ്യുന്നു എന്ന് ചോദിച്ചാൽ സിസ്റ്ററിന്റെ മറുപടി പറയുന്നത് ഒരു ദൈവവചനത്തെ മുറുകെപ്പിടിച്ചാണ്:

‘എന്തെന്നാൽ, ഞങ്ങൾ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങൾക്കു നല്ല ധൈര്യമുണ്ട്.’ കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ ഈ വചന ഭാഗം പകരുന്ന ധൈര്യം ചെറുതല്ലെന്നും സിസ്റ്റർ പറയുന്നു. പ്രാർത്ഥനയുടെ ശക്തിയാൽ വൈറസിനെ അതിജീവിക്കാൻ സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന സിസ്റ്റർ, യേശു നമ്മോടൊപ്പം ഉണ്ടെന്ന സത്യം നമുക്ക് പ്രത്യാശ നൽകണമെന്നും കൂട്ടിച്ചേർത്തു. “ഇതൊരു ആത്മീയ പോരാട്ടമാണ്. പ്രാർത്ഥനയോടുകൂടി നമ്മൾ ഇതിനെ നേരിടും. മിഖായേൽ മാലാഖ നമുക്കുവേണ്ടി മുന്നിൽനിന്ന് പോരാടും.”

ഏകാന്തതയിൽ ഭയാശങ്കകളോടെ കഴിയുന്നവരെ സധൈര്യരാക്കുന്നതിലും വ്യാപൃതയാണ് സിസ്റ്റർ. രോഗികളെ പരിശോധിക്കുക മാത്രമല്ല, അവർക്കൊപ്പം സംസാരിക്കാനും കുടുംബവിശേഷങ്ങൾ തിരക്കാനും സിസ്റ്റർ സമയം മാറ്റിവെക്കുന്നു. രോഗങ്ങൾ വരുമ്പോഴാണ് ജീവിതങ്ങളിൽ ദൈവത്തിനും സഹജീവികൾക്കും നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നതെന്നും സിസ്റ്റർ അഭിപ്രായപ്പെടുന്നു. ആതുരശുശ്രൂഷയിൽ മാത്രമല്ല, കത്തോലിക്കാ യുവജനങ്ങൾക്കു വേണ്ടിയുള്ള ശുശ്രൂഷകളിലും സിസ്റ്റർ ജോസിലിൻ സജീവ സാന്നിധ്യമാണ്.