കാന്‍സറിനോട് പൊരുതുന്ന നന്ദു മഹാദേവയ്ക്കായി കൈ കോര്‍ത്ത് കേരളം. 12 മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ 50 ലക്ഷത്തോളം രൂപ എത്തിയതായി നന്ദു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആവശ്യത്തിനുള്ള പണം തനിക്ക് ലഭിച്ചെന്നും ഇനി അയക്കരുതെന്നും നന്ദു പറയുന്നുണ്. ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്.. മരണം വരെ അങ്ങനെ തന്നെ ആയിരിക്കും.. ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാന്‍ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..അതുകൊണ്ട് എന്നെ സഹായിച്ച ഷെയര്‍ ചെയ്ത എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണെന്നും യുവാവ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മതി മതി മതി മതി…
മനസ്സു നിറഞ്ഞാണ്‌ ഞാന്‍ പറയുന്നത്..

സത്യത്തില്‍ ഭയങ്കര അത്ഭുതം തോന്നുന്നു..!

ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകള്‍ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങള്‍ എനിക്ക് കണ്ടെത്തി തന്നത്…

ഇപ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം..

അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..

അത് ന്റെ ചങ്കുകള്‍ നിമിഷനേരം കൊണ്ട് നല്‍കുകയും ചെയ്തു..

‘സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..’
സഹായിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്..”
പ്രിയപ്പെട്ടവര്‍ അയച്ച മെസ്സേജുകളില്‍ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..

സത്യത്തില്‍ നിങ്ങളുടെ ഈ വാക്കുകള്‍ എന്റെ കണ്ണു നിറച്ചു..

നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്ബാദ്യം..
ഈ സ്നേഹമല്ലേ ഏറ്റവും വലിയ നിധി..

ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചപ്പോള്‍ ഇത്രകണ്ട് സ്നേഹത്തോടെ എന്റെ കൂടെ നില്‍ക്കുന്ന നിങ്ങളുടെ ഈ സ്നേഹത്തോളം വലുതല്ല ഒന്നും..

നന്ദു ആരാണ് എന്നു ചോദിച്ചാല്‍ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..

മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാല്‍ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നില്‍ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സര്‍ജറി ഉണ്ടെന്നോ എനിക്കറിയില്ല..
എന്റെ ഡോക്ടര്‍മാര്‍ക്കും പറയാന്‍ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളില്‍ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..

ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവന്‍ നിങ്ങളുടെ സമ്മതത്തോടെ തന്നെ അര്‍ഹതയുള്ള കരങ്ങളില്‍ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും…

ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..
മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..

ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാന്‍ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..
അതുകൊണ്ട് എന്നെ സഹായിച്ച ഷെയര്‍ ചെയ്ത എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..

കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്..

നിങ്ങളുടെ സ്വന്തം

നന്ദു മഹാദേവ

പ്രിയമുള്ളവര്‍ ഒന്നു ഷെയര്‍ ചെയ്ത് എല്ലാവരെയും അറിയിക്കണേ..