ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ആരോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ‌ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല അദ്ദേഹം സംസാരിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

24 വിമാനങ്ങളാണ് ദിവസേന കേരളത്തിലേക്ക് എത്തുന്നതെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്. കേരളത്തിലേക്ക് ഒരു മാസത്തില്‍ 360 വിമാനങ്ങളാണ് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളു. കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്നും അത്തരം കാര്യങ്ങളൊന്നും കത്തില്‍ സൂചിപ്പിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച്‌ നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നും തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേര്‍ഡ്‌ വിമാനം അയക്കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തില്‍ പറഞ്ഞിട്ടില്ലെന്നും കത്തിലെ വരികള്‍ പരാമര്‍ശിച്ച്‌ കൊണ്ട് മുരളീധരന്‍ വ്യക്തമാക്കി.