വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി മോഷണം ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാർക്കെതിരെ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരിക്കുകയാണ്.
വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മസാച്യുസെറ്റ്സ്, കെന്റക്കി, ഒഹിയോ, മിസോറി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഗുജറാത്തു സ്വദേശികളായ ഇവരുടെ പേരുകൾ പുറത്തു വിട്ടു.ജിതേന്ദ്രകുമാർ പട്ടേൽ (39), മഹേഷ് കുമാർ പട്ടേൽ (36), സഞ്ജയ് കുമാർ പട്ടേൽ (45), ദീപികാബെൻ പട്ടേൽ (40), രമേഷ് ഭായ് പട്ടേൽ (52), അമിതാബെൻ പട്ടേൽ (43), റോണക് കുമാർ പട്ടേൽ (28), സംഗീതാബെൻ പട്ടേൽ (36), മിങ്കേഷ് പട്ടേൽ (42), സോണൽ പട്ടേൽ (42), മിതുൽ പട്ടേൽ (40) എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ മസാച്യുസെറ്റ്സിലെ വേമൗത്തിൽ താമസിച്ചിരുന്ന ദീപികാബെൻ പട്ടേലിനെ ഇതിനോടകം തന്നെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.
അമേരിക്കയിലെ ‘യു വിസ’ പദ്ധതി ദുരുപയോഗം ചെയ്യാനായിരുന്നു ഇവരുടെ നീക്കം. ഏതെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയും ആ കേസിലെ അന്വേഷണത്തിൽ പോലീസിനെ സഹായിക്കുകയും ചെയ്യുന്ന വിദേശികൾക്ക് അമേരിക്കയിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുമതി നൽകുന്നതാണ് യു വിസ. അഞ്ച് മുതൽ പത്ത് വർഷം വരെ ഈ വിസയിൽ കഴിഞ്ഞാൽ ഗ്രീൻ കാർഡിനും അപേക്ഷിക്കാം. ഈ ആനുകൂല്യം തട്ടിയെടുക്കാൻ പ്രതികൾ വാടകയ്ക്ക് ആളെ വിളിച്ച് കടകളിൽ കള്ളക്കവർച്ച നടത്തിക്കുകയായിരുന്നു.
2023 മാർച്ച് മുതലാണ് ഈ സംഘടിത തട്ടിപ്പ് ആരംഭിച്ചത്. മസാച്യുസെറ്റ്സിലെ വിവിധ ഭാഗങ്ങളിലുള്ള മദ്യശാലകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു മോഷണ നാടകം
മോഷണ നാടകത്തിന്റെ ഭാഗമായി തോക്കുമായി എത്തുന്ന കവർച്ചക്കാരൻ കടയിലുള്ളവരെ ഭീഷണിപ്പെടുത്തുന്നതും ക്യാഷ് രജിസ്റ്ററിൽ നിന്ന് പണം കവരുന്നതും സിസിടിവി ക്യാമറകളിൽ കൃത്യമായി പതിയാൻ ഇവർ ശ്രദ്ധിച്ചിരുന്നു.
കവർച്ചക്കാരൻ സുരക്ഷിതമായി രക്ഷപ്പെട്ടുവെന്ന് ഉറപ്പാക്കാൻ അഞ്ച് മിനിറ്റിലധികം സമയം കാത്തുനിന്ന ശേഷമാണ് ഇവർ പോലീസിനെ വിവരം അറിയിച്ചിരുന്നത്. തങ്ങൾ അക്രമത്തിന് ഇരയായെന്ന് പോലീസിനെ വിശ്വസിപ്പിക്കുകയും പിന്നീട് ആ പോലീസ് റിപ്പോർട്ട് ഉപയോഗിച്ച് വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. ഈ തട്ടിപ്പിന്റെ സൂത്രധാരനായ രാംഭായ് പട്ടേലിന് ഇതിനായി ഓരോ ഇരയും വലിയ തുക നൽകിയിരുന്നു. കൂടാതെ, തങ്ങളുടെ സ്ഥാപനം വിട്ടുനൽകിയതിന് കടയുടമകൾക്കും ഇയാൾ പ്രതിഫലം നൽകിയിരുന്നു.
നേരത്തെ തന്നെ ഈ കേസിലെ കവർച്ചക്കാരനെയും വാഹനമോടിച്ചയാളെയും പോലീസ് പിടികൂടി ശിക്ഷിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിസയ്ക്ക് വേണ്ടി പണം നൽകി കവർച്ച ആസൂത്രണം ചെയ്ത 11 പേരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പിടിയിലായവരിൽ ആറ് പേരെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. മറ്റുള്ളവർ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാകണം. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവും മൂന്ന് വർഷത്തെ നിരീക്ഷണവും 2,50,000 ഡോളർ വരെ പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കാം.
അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ പല ഇന്ത്യക്കാരുടെയും രേഖകൾ ഫെഡറൽ ഏജൻസികൾ പരിശോധിച്ച് വരികയാണ്.
അമേരിക്കയിൽ കുടിയേറ്റ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി മോഷണം ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി



