10 വര്‍ഷത്തിനുശേഷം​ ഇസ്രായേല്‍ – ഫലസ്​തീ​ന്‍ ഉന്നതനേതാക്കളുടെ ചര്‍ച്ച. ഫലസ്​തീന്‍ അതോറിറ്റി പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസും ഇസ്രായേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്‍റ്​സുമാണ്​ കൂടിക്കാഴ്​ച നടത്തിയത്​. ജൂണില്‍ നഫ്​താലി ബെനറ്റ്​ ഇസ്രായേല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്​ചയാണിത്​.

വെസ്​റ്റ്​ബാങ്കിലെ രാമല്ലയിലാണ്​ ഗാന്‍റ്​സ്​ 85കാരനായ അബ്ബാസുമായി ചര്‍ച്ച നടത്തിയത്​. സുരക്ഷ നയം, പൗരന്മാര്‍, വെസ്​റ്റ്​ ബാങ്കിലെയും ഗസ്സയിലെയും സാമ്ബത്തികാവസ്​ഥ എന്നിവയായിരുന്നു പ്രധാനമായും ചര്‍ച്ചയായത്​. വാഷിങ്​ടണില്‍ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനുമായുള്ള കൂടിക്കാഴ്​ചക്കുശേഷം ബെനറ്റ്​ മടങ്ങിയെത്തിയതിനു പിന്നാലെയാണിത്​. ഫലസ്​തീ​െന്‍റ സമ്ബദ്​വ്യവസ്​ഥ ശക്തിപ്പെടുത്തുന്ന നടപടികള്‍ക്കൊരുങ്ങുകയാണ്​ ഇസ്രായേല്‍ എന്ന്​ ഗാന്‍റ്​സ്​ അറിയിച്ചു.

വെസ്​റ്റ്​ബാങ്കിലെ സൈനികനടപടി നിര്‍ത്തിവെക്കുക, ഫലസ്​തീനികള്‍ക്ക്​ ഇസ്രായേലിലെ ബന്ധുക്കളെ കാണാന്‍ അനുവദിക്കുക, ഇസ്രായേലിലേക്ക്​ കൂടുതല്‍ ഫലസ്​തീന്‍ തൊഴി​ലാളികളെ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ്​ അബ്ബാസ്​ മുന്നോട്ടുവെച്ചത്​. ബന്ധം നിലനിര്‍ത്തുമെന്നുപറഞ്ഞാണ്​ ഇരുവരും പിരിഞ്ഞത്​. അതേസമയം, തീവ്രവലതുപക്ഷ പാര്‍ട്ടിക്കാരനായ ബെനറ്റ്​ സ്വന്തം രാഷ്​ട്രമെന്ന ഫലസ്​തീ​നികളുടെ ആവശ്യത്തിന്​ എതിരാണ്​.

ബിന്യമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്​ ഇസ്രായേല്‍-ഫലസ്​തീന്‍ ബന്ധം കൂടുതല്‍ വഷളായത്​. അന്നത്തെ ​അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഡോണള്‍ഡ്​ ട്രംപി​െന്‍റ പിന്തുണയോടെ യു.എസ്​ എംബസി തെല്‍അവീവില്‍നിന്ന്​ ജറൂസലമിലേക്ക്​ മാറ്റുകയും ചെയ്​തു​. ഇക്കാലയളവില്‍ അബ്ബാസ്​ യു.എസുമായും ഇസ്രായേലുമായുള്ള ബന്ധം നിര്‍ത്തി. ജനപ്രീതി നഷ്​ടമായി ഒറ്റപ്പെ​ട്ടെങ്കിലും ഫലസ്​തീനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഏറ്റവും അനുയോജ്യനായ നേതാവായാണ്​ അബ്ബാസിനെ ബൈഡന്‍ ഭരണകൂടം കാണുന്നത്​. കൂടിക്കാഴ്​ച നടന്നത്​ അബ്ബാസി​െന്‍റ സഹായി ഹുസൈന്‍ ശൈഖ്​ ട്വിറ്ററിലൂടെ ശരിവെച്ചു.