ദുബൈ: എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാണികളെത്തിയാലും സുരക്ഷിതമായി ടൂര്‍ണമെന്റ് നടത്താന്‍ കഴിയുമെന്ന ഉറപ്പാണ് അവര്‍ പങ്കുവെക്കുന്നത്. അധികൃതര്‍ നല്കുന്ന എല്ലാ പ്രോട്ടോകോളുകളും പാലിക്കാന്‍ തയാറാണെന്നും കാണികളെ കയറ്റുന്നതിന് അനുമതി തേടി അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും ഇ.സി.ബി ജനറല്‍ സെക്രട്ടറി മുബഷിര്‍ ഉസ്മാനി പറഞ്ഞു.
ഏഷ്യന്‍ ആരാധകരും ഇമറാത്തി കായിക പ്രേമികളും മറ്റ് പ്രവാസികളും ഗാലറിയിലെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹം. അധികൃതര്‍ അനുവദിച്ചാല്‍ സ്റ്റേഡിയങ്ങളുടെ വാതില്‍ അവര്‍ക്കായി തുറന്നിടും. കോവിഡില്‍നിന്ന് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട റെസ്ട്രാറ്റ കമ്ബനിയുടെ നിലപാടും നിര്‍ണായകമാകും. യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെസ്ട്രാറ്റയാണ് ഇംഗ്ലണ്ടിലെ കഴിഞ്ഞ പരമ്ബര കൈകാര്യം ചെയ്തത്. എന്നാല്‍, കാണികളെ അനുവദിച്ചിരുന്നില്ല.
താരങ്ങളും ടീമുകളുടെ സ്റ്റാഫും സ്റ്റേഡിയം ജീവനക്കാരും ഉള്‍െപ്പടെ ഓരോ മത്സരത്തിനും 450 പേരെയാണ് അനുവദിച്ചിരുന്നത്. സ്റ്റേഡിയത്തിലുള്ള ഓരോ അനക്കവും ബ്ലൂടൂത്ത് വഴി നിരീക്ഷിക്കുന്ന രീതിയിലാണ് റസ്ട്രാറ്റയുടെ പ്രവര്‍ത്തനം. അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് ഇ.സി.ബിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. കോവിഡില്‍നിന്ന് അതിവേഗം മുക്തമാകുന്നതിനാലാണ് ബി.സി.സി.ഐ ഐ.പി.എല്ലിന് യു.എ.ഇയെ തിരഞ്ഞെടുത്തത്.



