ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിൽ 2021-ലെ ഉദയാസ്തമന പൂജ മഹോത്സവത്തിന് ജൂലൈ 2 വെള്ളിയാഴ്ച തുടക്കം കുറിച്ചു. അമ്പലം പ്രസിഡന്റ് ശ്രീമതി. പൊന്നു പിള്ള, വൈസ്-പ്രസിഡന്റ് ശ്രീമതി.രമ പിള്ള, ട്രസ്റ്റീ ചെയർമാൻ ശ്രീ.അജിത് നായർ, ഉത്സവ കമ്മിറ്റി ചെയർമാൻ ശ്രീ. ജയൻ അരവിന്ദാക്ഷൻ, പൂജ കമ്മിറ്റി ചെയർ ശ്രീമതി. കൃഷ്‌ണജ കുറുപ്പ്, ട്രെഷറർ ശ്രീ.രാജേഷ് മൂത്തേഴത്ത്‌, മറ്റുള്ള ബോർഡ് & ട്രസ്റ്റീ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ വിജയ് യേശുദാസ് ഭദ്ര ദീപം കൊളുത്തി ഉത്‌ഘാടന കർമം നിർവഹിച്ചു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ, ദിവസേനയുള്ള ഉദയാസ്തമന പൂജകൾക്കൊപ്പം വൈകുന്നേരങ്ങളിൽ വ്യത്യസ്തമാർന്ന കലാപരിപാടികളും ഉണ്ടാകും.ജൂലൈ 11-ന് പായസമേളയും, മഹാസദ്യയും കഴിഞ്ഞു വൈകുന്നേരം പ്രശസ്ത സിനിമാ നടി ശ്രീമതി. മീര നന്ദൻ പങ്കെടുക്കുന്ന ചടങ്ങോടു കൂടി ഈ വർണാഭമായ മഹോത്സവത്തിന് തിരശീല വീഴും.